Kerala

സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; മഞ്ഞക്കാർഡുടമകൾക്കും അന്തേവാസികൾക്കും 16 ഇനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നൽകുന്നതിനായി 53 കോടിയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് നൽകുന്നത്. മുൻ സർക്കാരുകളൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. എ.എ.വൈ. (മഞ്ഞ കാർഡ്) ഗുണഭോക്താക്കൾക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കുകയും ഉത്രാട ദിനമായ ഓഗസ്റ്റ് 25-നകം വിതരണം പൂർത്തിയാക്കുകയും ചെയ്യും.

അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും. ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗത്തിനുള്ള സ്പെഷ്യൽ അരി വിതരണവും ഉടൻ ആരംഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. കൂടാതെ വിപണി ഇടപെടലിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓഗസ്റ്റ് 8 മുതൽ 25 വരെ മെഗാ ട്രേഡ് ഫെയറുകളും, 11 ജില്ലകളിൽ ഓഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും.

ഈ സർക്കാരിന്റെ രണ്ടുമാസത്തെ പ്രവർത്തന കാലയളവിൽ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന് അനുവദിച്ചത്. ഇതിൽ മാർക്കറ്റ് ഇടപെടലിനും സൗജന്യ കിറ്റ് വിതരണത്തിനുമായി 273 കോടി രൂപയും നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ 154.79 കോടി രൂപയും ഗതാഗത ചാർജ്ജ് ഇനത്തിൽ 20.26 കോടി രൂപയും ഉൾപ്പെടുന്നു. കഴിഞ്ഞ സർക്കാർ 2025-26 സാമ്പത്തികവർഷത്തിൽ ആകെ അനുവദിച്ചത് 700 കോടി രൂപ മാത്രമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി അരലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സർവകാല റെക്കോർഡോടെ 73,024 പുതിയ മുൻഗണനാ കാർഡുകൾ അനുവദിച്ചു. ലഭിച്ച 76,338 അപേക്ഷകളിൽ നിന്നാണ് ഇത്രയും അപേക്ഷകൾ അംഗീകരിച്ചത്. പുതിയ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. കൂടുതൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി അപേക്ഷ സമർപ്പിക്കുന്നതിനായി വാർഡ് അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടിക വാർഡ് അംഗങ്ങൾക്കും സി.ഡി.എസ്സുകൾക്കും കൈമാറിയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

See also  റവാഡ ചന്ദ്രശേഖർ കേന്ദ്ര സർക്കാരുമായുള്ള ഒത്തുതീർപ്പ് സ്ഥാനാർഥിയാണെന്ന് കെസി വേണുഗോപാൽ

Related Articles

Back to top button