Kerala

കേന്ദ്രസർക്കാരിനെ വിമർശിച്ചാൽ അക്കൗണ്ട് പൂട്ടും; ജനാധിപത്യ രാജ്യത്ത് ഇതാണോ നടക്കേണ്ടത്: സമൂഹമാധ്യമ നിയന്ത്രണത്തിനെതിരെ കടുത്ത വിമർശനം

കൊച്ചി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് അടിക്കടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി കേരളഘടകം കണ്ടന്റ് ക്രിയേറ്റര്‍ ഫ്രെഡി വി ഫ്രാന്‍സിസ്. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ പൂട്ടുകയെന്നത് ജനാധിപത്യ രാജ്യത്ത് നടക്കേണ്ടതാണോയെന്ന് ഫ്രെഡി ഫ്രാന്‍സിസ് പ്രതികരിച്ചു. ആരെങ്കിലും നിയന്ത്രിക്കുന്ന മൂവ്‌മെന്റ് അല്ല കോക്രോച്ച് ജനതാ പാര്‍ട്ടിയെന്നും ഫ്രെഡി പറയുന്നു.

ആന്റി ഗവണ്‍മെന്റ് പ്രതിഷേധമാണോയെന്ന ചോദ്യത്തോട് അങ്ങനെയൊരു പ്രതികരണം ആരും നടത്തിയിട്ടില്ലെന്നാണ് ഫ്രെഡി വിശദീകരിച്ചത്. വേറെ രാജ്യത്തുള്ള ആളുകളാണ് പേജ് ഫോളോ ചെയ്യുന്നതെന്ന നേറേറ്റീവ് ഉണ്ട്. സോഷ്യല്‍ മീഡിയ പേജ് ആവുമ്പോള്‍ ലോകത്തുള്ളയാര്‍ക്കും ഫോളോ ചെയ്യാം. പ്രതിപക്ഷ സ്വരം മാത്രമല്ല, യുവജനങ്ങളുടെ ശബ്ദമാണ്. രാഷ്ട്രീയമില്ലെന്ന് പറയുന്ന ജെന്‍സിക്ക് രാഷ്ട്രീയമുണ്ട്. പോളിസികള്‍ ഉണ്ടാക്കേണ്ടവര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യണം എന്നും അഭിഭാഷകന്‍ കൂടിയായി ഫ്രെഡി വ്യക്തമാക്കി.

ഒരു വര്‍ഷമായി കോണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൂവ്‌മെന്റിനെ പിന്തുണച്ചുവന്നിട്ടുണ്ട്. കേന്ദ്രത്തിനെതിരെ പറഞ്ഞാല്‍ അക്കൗണ്ട് പൂട്ടിക്കും. ഇന്നലെ മാത്രം അഞ്ച് തവണ ഞങ്ങളുടെ അക്കൗണ്ട് പൂട്ടിച്ചു. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ പൂട്ടുകയെന്നത് ജനാധിപത്യ രാജ്യത്ത് നടക്കേണ്ടതാണോ?ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാം. ആര്‍ക്ക് വേണമെങ്കിലും രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാം. തുടങ്ങിയാല്‍ ജനാധിപത്യ വിരുദ്ധമാകില്ലെന്നും ഫ്രെഡി കൂട്ടിച്ചേര്‍ത്തു.

സിജെപിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച തീരുമാനം അവിവേകമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു. യുവാക്കളുടെ നിരാശ മനസ്സിലാകും. യുവാക്കള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു വഴി ഉണ്ടായിരിക്കണം. സിജെപിയുടെ അക്കൗണ്ട് അടച്ചുപൂട്ടുന്നതിനുപകരം അത് പ്രവര്‍ത്തിക്കട്ടെ . ജനാധിപത്യങ്ങള്‍ക്ക് വിയോജിപ്പ്, നര്‍മ്മം, ആക്ഷേപഹാസ്യം എന്നിവയ്ക്കുള്ള വഴികള്‍ ആവശ്യമാണ്. സിജെപിയുടെ ഭാവിയെക്കുറിച്ച് ഉറപ്പില്ല പക്ഷേ യുവാക്കള്‍ മാറ്റത്തിന്റെ ശബ്ദമാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും ശശി തരൂര്‍ പറഞ്ഞു.

See also  ധർമസ്ഥലയിൽ മലയാളി വാഹനമിടിച്ച് മരിച്ച സംഭവത്തിലും ദുരൂഹത; പരാതി നൽകിയതിന് പിന്നാലെ മകന് ഭീഷണി

Related Articles

Back to top button