Kerala

എന്നെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കം; അൻസിബ എനിക്ക് സഹോദരിയെപ്പോലെ: ആരോപണങ്ങൾ തള്ളി ടിനി ടോം

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ (AMMA) നിന്ന് താൻ രാജിവെക്കാനുണ്ടായ കാരണം നടൻ ടിനി ടോമാണെന്ന നടി അൻസിബ ഹസന്റെ ആരോപണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി ടിനി ടോം. അൻസിബ ഉന്നയിച്ച വ്യക്തിഹത്യ, വർഗ്ഗീയ അധിക്ഷേപ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച താരം, നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും തന്നെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

ടിനി ടോം പറഞ്ഞത്

  • ആരോപണങ്ങൾ അടിസ്ഥാനരഹിതം: താൻ അൻസിബയെ അധിക്ഷേപിച്ചിട്ടില്ല. മറ്റൊരു വ്യക്തി പറഞ്ഞു എന്ന് കേട്ട കാര്യങ്ങളാണ് തനിക്കെതിരെ ആരോപിക്കുന്നത്. അതിന് കൃത്യമായ തെളിവ് വേണം.
  • ജാതിയോ മതമോ ഇല്ല: താൻ ഒരു മിമിക്രി പശ്ചാത്തലത്തിൽ നിന്ന് വന്ന ആളാണ്. അവിടെ ജാതിയോ മതമോ ഇല്ല. മമ്മൂക്കയാണ് തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും മുസ്ലിംങ്ങളാണ്.
  • അൻസിബ സഹോദരിയെപ്പോലെ: അൻസിബ തനിക്ക് സ്വന്തം സഹോദരിയെപ്പോലെയായിരുന്നു. മുൻപ് വ്യക്തിപരമായ തിരക്കുകൾ മൂലമാണ് രാജിവെക്കുന്നതെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പെട്ടെന്നൊരു പൊട്ടിത്തെറി പോലെയാണ് ഈ ആരോപണങ്ങൾ പുറത്തുവന്നത്.
  • പ്രവർത്തിക്കുന്നവരെ തകർക്കാൻ ശ്രമം: കഴിഞ്ഞ 10 വർഷമായി താൻ സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറാണ്. താൻ ഒരു ഷോമാൻ അല്ല, പ്രവർത്തിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷയം സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കും.

‘അമ്മ’ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമാണെന്ന് അൻസിബ ഹസൻ വെളിപ്പെടുത്തിയിരുന്നു. ടിനി ടോം തനിക്കെതിരെ മോശമായ അവിഹിത കഥകൾ കെട്ടിച്ചമച്ചുണ്ടാക്കിയെന്നും, ഡ്രൈവറെയടക്കം മതം മാറ്റാൻ ശ്രമിച്ചെന്ന് പറഞ്ഞ് ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നുമായിരുന്നു അൻസിബയുടെ ഗുരുതരമായ ആരോപണം. ഇതിന് മറുപടിയുമായാണ് ഇപ്പോൾ ടിനി ടോം രംഗത്തെത്തിയിരിക്കുന്നത്

See also  വെഞ്ഞാറമൂട്ടിൽ നിന്നും 15കാരനെ കാണാതായിട്ട് 5 ദിവസം; അന്വേഷണം തുടരുന്നു

Related Articles

Back to top button