വിൽപ്പനയിൽ മുന്നേറ്റവുമായി ഓല ഇലക്ട്രിക്; ശക്തമായ തിരിച്ചുവരവിന് ഉപഭോക്തൃ വിശ്വാസവും പുതിയ മോഡലുകളും നിർണായകമാകും

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ പ്രമുഖരായ ഓല ഇലക്ട്രിക് (Ola Electric) വിൽപ്പനയിൽ വീണ്ടെടുപ്പിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ. എന്നാൽ വിപണിയിൽ തങ്ങളുടെ പഴയ മേധാവിത്വം പൂർണ്ണമായി തിരിച്ചുപിടിക്കുന്നതിന് ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കുന്നതും പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതും കമ്പനിക്ക് നിർണായകമാകും.
കഴിഞ്ഞ 2025-26 സാമ്പത്തിക വർഷത്തിൽ വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച പ്രശ്നങ്ങളാണ് ഓല നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് കമ്പനി മാനേജ്‌മെന്റ് തന്നെ സമ്മതിക്കുന്നു. ഇത് ബ്രാൻഡിന്റെ വിശ്വാസ്യതയെയും ആവശ്യകതയെയും (Demand) ബാധിച്ചിരുന്നു. തകരാറിലായ വാഹനങ്ങൾ സർവീസ് ചെയ്ത് കിട്ടാനുള്ള കാലതാമസം കാരണം മുൻപ് ഉപഭോക്താക്കൾ വലിയ രീതിയിൽ പ്രതിഷേധിച്ചിരുന്നു.
എന്നിരുന്നാലും, നിലവിൽ സർവീസ് രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ ഓലയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബറിൽ ഒൻപത് ദിവസമായിരുന്ന ശരാശരി സർവീസ് സമയം ഇപ്പോൾ ഒരു ദിവസമായി കുറയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ സർവീസ് സെന്ററുകളിൽ എത്തുന്ന 87 ശതമാനം വാഹനങ്ങളും അന്നുതന്നെ അറ്റകുറ്റപ്പണികൾ തീർത്ത് നൽകുന്നുണ്ടെന്നും കമ്പനി ഓഹരി ഉടമകളെ അറിയിച്ചു.
ഈ മാറ്റങ്ങളുടെ ഫലമായി ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി പൊതുവെ 22 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴും ഓലയുടെ വിൽപ്പനയിൽ പ്രതിമാസം 20 ശതമാനം വളർച്ചയുണ്ടായി.
വരുന്ന ആറ് മാസത്തിനുള്ളിൽ വിപണി വിഹിതം (Market Share) 15-20 ശതമാനമായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി നിർത്തിവെച്ചിരുന്ന പുതിയ മോഡലുകളുടെ ലോഞ്ചുകൾ ഈ വർഷം വീണ്ടും സജീവമാക്കുമെന്ന് ഓല ഇലക്ട്രിക് സി.എം.ഡി ഭവിഷ് അഗർവാൾ വ്യക്തമാക്കി. റോഡ്‌സ്റ്റർ (Roadster) ബൈക്കുകളുടെ ഉത്പാദനം കൂട്ടുന്നതും സർവീസ് മേഖലയിലെ സ്ഥിരതയും ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
എങ്കിലും, സർവീസ് വേഗത കൂടിയതുകൊണ്ട് മാത്രം ഓലയ്ക്ക് വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്നതിൽ വിപണി വിദഗ്ധർ ഇപ്പോഴും ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലാണ്. വരും മാസങ്ങളിലെ സ്ഥിരതയാർന്ന വിൽപ്പനയും ഉപഭോക്തൃ സംതൃപ്തിയും മാത്രമായിരിക്കും ഓലയുടെ യഥാർത്ഥ തിരിച്ചുവരവ് നിർണ്ണയിക്കുക.



