എക്‌സൈസ് നവീകരണത്തിന് സമഗ്ര പദ്ധതി; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി എം ലിജു

സംസ്ഥാന നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിൽ എക്‌സൈസ് നയത്തിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചിട്ടുണ്ടെന്നും, വകുപ്പിന്റെ മാറ്റത്തെക്കുറിച്ച് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ലഹരി, മയക്കുമരുന്ന് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ എക്‌സൈസ് വകുപ്പിന് ചില പരിമിതികളുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ വകുപ്പിൽ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് വെല്ലുവിളിയെ നേരിടാൻ ബോധവൽക്കരണ പ്രവർത്തനങ്ങളും പുനരധിവാസ പദ്ധതികളും പ്രധാനമാണ്.
ഉദ്യോഗസ്ഥർക്കാവശ്യമായ കൂടുതൽ വാഹനങ്ങൾ, ടെസ്റ്റ് കിറ്റുകൾ, രക്തസാമ്പിൾ പരിശോധനാ സംവിധാനങ്ങൾ എന്നിവ ആവശ്യമുണ്ട്. ഇന്റലിജൻസ് ട്രാക്കിങ്, ഡിജിറ്റൽ നിരീക്ഷണം, തൊണ്ടിമുതൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ എന്നിവയോടുകൂടിയ മാതൃക എക്‌സൈസ് ഓഫീസുകൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യകതയാണ് ബോധവൽക്കരണം വിമുക്തി മിഷനിലൂടെ വിപുലീകരിക്കണം. ഇതിനായി ജനകീയ സമിതികളിലൂടെ വാർഡ് തലത്തിൽ വരെ പ്രചരണം സംഘടിപ്പിക്കണം. സമുദ്രാതിർത്തിയുള്ളതും തുറമുഖ സംസ്ഥാനവുമായ കേരളം 2031 ഓടെ അന്താരാഷ്ട്ര തലത്തിലുള്ള ലഹരിയുടെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരും തലമുറയെ സംരക്ഷിക്കുകയും സമൂഹത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്ന രീതിയിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തണ്ടത്. വകുപ്പിൽ അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും എക്‌സൈസ് കേസുകളിലെ നിയമനടപടികളിൽ വേഗത ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. നിലവിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 98 ശതമാനത്തിലും ശിക്ഷ ലഭിക്കുന്നുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെയും സ്‌കൂൾ പ്രവേശനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി പരിശോധനകൾ ശക്തമാക്കും. വൻകിട ലഹരി വിതരണക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ ഊർജിതമാക്കും. നൂറ് ദിവസത്തിനുള്ളിൽ എക്‌സൈസ് വകുപ്പിന്റെ ഇടപെടൽ സമൂഹത്തിന് വ്യക്തമായി ബോധ്യമാകുന്ന തരത്തിലുള്ള ശക്തമായ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും മന്ത്രി നിർദേശിച്ചു. യോഗത്തിൽ എക്‌സൈസ് കമ്മീഷണർ ജെ കിഷോർ കുമാർ സ്വാഗതം ആശംസിച്ചു.



