Kerala

കുംഭമേള വൈറൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസ്; ഭര്‍ത്താവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിര്‍ത്ത് മധ്യപ്രദേശ് പൊലീസ്

കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നാളെ ഹൈക്കോടതി വിധി പറയും. പെൺകുട്ടിയുടെ ഭർത്താവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് ഹൈകോടതി വിധി പറയുക . മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചുള്ള പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പൊലീസ് കേസ് എടുത്തത്.

ഭർത്താവ് മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് മധ്യപ്രദേശ് പൊലീസ്. വിവാഹത്തിനായി പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ വ്യാജ വിവരങ്ങൾ നൽകിയെന്നും രേഖകൾ തിരുത്തി പ്രായം കൂട്ടാൻ ശ്രമിച്ചെന്നും പൊലീസ് കേരള ഹൈക്കോടതിയെ അറിയിച്ചു. വ്യാജരേഖ ചമച്ചതിന് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

​ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിക്ക് നിലവിൽ 16 വയസ് മാത്രമാണുള്ളത് (ജനന തീയതി: 2009 ഡിസംബർ 13). ജനന സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയെന്ന പേരിൽ കൂടെ താമസിപ്പിക്കുന്നത് കുറ്റകരമാണെന്നും പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ വച്ച് ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിനും പിന്നീട് നടത്തിയ രജിസ്ട്രേഷനും യാതൊരുവിധ നിയമസാധുതയുമില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം.

​അതേസമയം, കേരളത്തിൽ ഉള്ളതുകൊണ്ടാണ് തങ്ങൾ ജീവനോടെ ഇരിക്കുന്നതെന്നാണ് ദമ്പതികളുടെ വാദം. മധ്യപ്രദേശിലേക്ക് തിരികെ എത്തിയാൽ തങ്ങൾ ദുരഭിമാന കൊലയ്ക്ക് (Honor Killing) ഇരയാകാൻ സാധ്യതയുണ്ടെന്നും അവർ ഭയപ്പെടുന്നു. ഈ കേസിൽ ഫർമാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി മുൻപ് നീട്ടി നൽകിയിരുന്നു.

See also  രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

Related Articles

Back to top button