Sports

വാട്ടർഗേറ്റ് വിവാദം: ഫിഫയുടെ കച്ചവടക്കണ്ണും ലോകകപ്പ് ഫുട്ബോളിന്റെ തനിമ തകർക്കുന്ന ഇടവേളകളും

വാഷിംഗ്ടൺ: ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായെങ്കിലും, പുതിയ പരിഷ്കാരങ്ങൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും ആരാധകരുടെ പ്രതിഷേധങ്ങൾക്കും വഴിതെളിക്കുന്നു. കളിക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് എന്ന് ഫിഫ അവകാശപ്പെടുമ്പോഴും, കളി പൂർണ്ണമായും ഒരു വാണിജ്യ ഉൽപ്പന്നമാക്കി മാറ്റാനുള്ള കച്ചവട താല്പര്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് പ്രധാന വിമർശനം.

​’ഹൈഡ്രേഷൻ ബ്രേക്ക്’ അഥവാ പരസ്യ ഇടവേളകൾ

​ഇത്തവണത്തെ ലോകകപ്പിലെ എല്ലാ 104 മത്സരങ്ങളിലും, ഓരോ പകുതിയുടെയും മധ്യത്തിലായി (22-ാം മിനിറ്റിൽ) നിർബന്ധിതമായ മൂന്ന് മിനിറ്റ് ‘ഹൈഡ്രേഷൻ ബ്രേക്ക്’ (വെള്ളം കുടിക്കാനുള്ള ഇടവേള) ഫിഫ നടപ്പിലാക്കിയിട്ടുണ്ട്. കാലാവസ്ഥയോ താപനിലയോ പരിഗണിക്കാതെ എല്ലാ മത്സരങ്ങൾക്കും ഇത് ബാധകമാണ്.

​എന്നാൽ ഈ നീക്കം ബ്രോഡ്കാസ്റ്റർമാർക്ക് കോടിക്കണക്കിന് രൂപയുടെ പരസ്യ വരുമാനം ഉണ്ടാക്കിക്കൊടുക്കാനുള്ള ഫിഫയുടെ തന്ത്രമാണെന്ന് ആരാധകരും കായിക നിരീക്ഷകരും ആരോപിക്കുന്നു. ഫുട്ബോൾ മത്സരങ്ങളെ അമേരിക്കൻ ശൈലിയിലുള്ള എൻ.എഫ്.എൽ (NFL), എൻ.ബി.എ (NBA) മത്സരങ്ങൾ പോലെ നാല് ക്വാർട്ടറുകളായി വിഭജിക്കാനും കളിയിലുടനീളം പരസ്യങ്ങൾ കുത്തിനിറയ്ക്കാനുമുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. ഒരു വാട്ടർ ബ്രേക്കിലെ പരസ്യ സ്ലോട്ടുകൾക്ക് സൂപ്പർ ബൗൾ മത്സരങ്ങളുടെ നിലവാരത്തിലുള്ള തുക ഈടാക്കാൻ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

​കളിയിലെ ഒഴുക്കും തന്ത്രങ്ങളും നഷ്ടപ്പെടുന്നു

​തുടർച്ചയായ കളിയിലൂടെയും ഒഴുക്കിലൂടെയും നിലനിർത്തുന്ന ഫുട്ബോളിന്റെ യഥാർത്ഥ ഭംഗിയെ ഈ ഇടവേളകൾ നശിപ്പിക്കുന്നുവെന്നാണ് കടുത്ത ഫുട്ബോൾ ആരാധകരുടെ പരാതി. കൂടാതെ, കളിക്കളത്തിൽ മികച്ച ഫോമിൽ മുന്നേറുന്ന ടീമുകളുടെ ആവേശം കെടുത്താൻ ഇത്തരം താൽക്കാലിക തടസ്സങ്ങൾ കാരണമാകുന്നു.

​ദേശീയ ടീം കോച്ചുമാരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മൂന്ന് മിനിറ്റ് നീളുന്ന ഈ ഇടവേള കേവലം വെള്ളം കുടിക്കാനുള്ളത് മാത്രമല്ലെന്നും, ബാസ്കറ്റ്ബോൾ മത്സരങ്ങളിലെ പോലെ കോച്ചുമാർക്ക് തന്ത്രങ്ങൾ മാറ്റിയെഴുതാനുള്ള ‘ടാക്റ്റിക്കൽ ടൈം ഔട്ട്’ ആയി ഇത് മാറുമെന്നും ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ്, ബെൽജിയം കോച്ച് ഡൊമെനിക്കോ ടെഡെസ്കോ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ഇത് ഫുട്ബോൾ എന്ന കളിയെ തന്നെ പൂർണ്ണമായി മാറ്റിമറിക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

​ആരാധകരുടെ പ്രതിഷേധത്തിന് മുന്നിൽ ഫിഫയുടെ മറ്റൊരു യു-ടേൺ

​കളിക്കളത്തിലെ വെള്ളംകുടി വിവാദത്തിന് പുറമെ, സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്ന ആരാധകർക്കായി ഫിഫ കൊണ്ടുവന്ന വാട്ടർ ബോട്ടിൽ നിരോധനവും വലിയ തിരിച്ചടിയായി. സ്റ്റേഡിയത്തിലേക്ക് സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുവരാൻ അനുവദിച്ചിരുന്ന മുൻ നിയമം മാറ്റി, ആരാധകർ സ്റ്റേഡിയത്തിനുള്ളിലെ കൗണ്ടറുകളിൽ നിന്ന് അമിതവില കൊടുത്ത് വെള്ളം വാങ്ങണം എന്ന നിബന്ധന ഫിഫ കൊണ്ടുവന്നിരുന്നു.

​ഇതിനെതിരെ കടുത്ത ജനരോഷവും രാഷ്ട്രീയ സമ്മർദ്ദവും ഉയർന്നതിനെ തുടർന്ന് ഫിഫയ്ക്ക് തങ്ങളുടെ തീരുമാനം മാറ്റേണ്ടി വന്നു. ടൊറന്റോ മേയർ ഒലിവിയ ചൗ, ന്യൂയോർക്ക് സിറ്റി മേയർ എന്നിവരും യുകെ പ്രധാനമന്ത്രി കീർ സ്റ്റാമറും ഫിഫയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ടിക്കറ്റിന് തന്നെ വൻ തുക ഈടാക്കുന്ന ഫിഫ, വെള്ളത്തിന്റെ പേരിൽ വീണ്ടും പണം കൊള്ളയടിക്കാൻ ശ്രമിക്കുന്നത് തെറ്റായ നയമാണെന്ന് രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് യു.എസിലും കാനഡയിലുമുള്ള സ്റ്റേഡിയങ്ങളിൽ സീൽ ചെയ്ത വാട്ടർ ബോട്ടിലുകളുമായി പ്രവേശിക്കാൻ ഫിഫ ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.

See also  കരാർ ലംഘനം നടത്തിയത് കേരള സർക്കാർ; വിവാദങ്ങളിൽ പ്രതികരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

​ലാഭക്കൊതി മൂത്ത് ഫുട്ബോളിന്റെ പരമ്പരാഗത ശൈലിയെയും സംസ്കാരത്തെയും ഫിഫ തകർക്കുകയാണെന്ന വികാരമാണ് നിലവിൽ ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ ഉയരുന്നത്.

Related Articles

Back to top button