കെ. ബി. പ്രദീപിനോട് രാജിവെക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി; തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച സംഭവം വൻ വിവാദമായ പശ്ചാത്തലത്തിൽ, അഡ്വ. കെ. ബി. പ്രദീപിനോട് അടിയന്തരമായി രാജിവെക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ഇടതുമുന്നണിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.
ഹൈക്കോടതിയിലെ ദേവസ്വം ബോർഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായാണ് മൂന്ന് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെ പുതുതായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ കെ. ബി. പ്രദീപിനെ ഉൾപ്പെടുത്തിയതാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചത്. 2019-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ ഒൻപതാം പ്രതിയായ ‘സ്മാർട്ട് ക്രിയേഷൻസ്’ കമ്പനിക്കും അതിന്റെ ഉടമ പങ്കജ് ഭണ്ഡാരിക്കും വേണ്ടി നേരത്തെ കോടതിയിൽ ഹാജരായിരുന്നത് പ്രദീപ് ആയിരുന്നു.
കേസിലെ പ്രതിഭാഗം വക്കീലിനെ തന്നെ ദേവസ്വം കേസുകൾ വാദിക്കാൻ സർക്കാർ അഭിഭാഷകനാക്കിയത് കേസ് അട്ടിമറിക്കാനാണെന്ന് മുൻ ദേവസ്വം മന്ത്രി വി. എൻ. വാസവൻ, പി. രാജീവ് തുടങ്ങിയ ഇടതുപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. നിയമനം വിവാദമായതോടെ, പ്രതിയുടെ ദൗർബല്യങ്ങൾ അറിയുന്നയാൾ വരുന്നത് കേസിന് നല്ലതാണെന്ന രീതിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ നടത്തിയ ന്യായീകരണവും വലിയ വിമർശനങ്ങൾക്ക് കാരണമായി.
പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെയാണ് എസ്ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നാണ് എസ്‌ഐടി ചൂണ്ടിക്കാണിച്ചിരുന്നത്. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലെആശങ്കയും എസ്ഐടി പ്രകടിപ്പിച്ചിരുന്നു സര്‍ക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതില്‍ എസ്‌ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു.
ഈ നിലയിൽ രേഖകൾ ലഭ്യമാക്കുന്നതിൽ നിന്ന് ഹൈക്കോടതി വിലക്കിയ അഭിഭാഷകനെയാണ് സർക്കാർ പ്രത്യേക പരിഗണന നൽകി ഇപ്പോൾ ദേവസ്വം വകുപ്പിൻ്റെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചതെന്നാണ് വിമർശനം ഉയർന്നത്. നിയമനത്തോടെ ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്‌ഐടി രേഖകൾ ലഭിക്കാൻ സ്‌പെഷൽ ജിപിയായ കെബി പ്രദീപിന് മുന്നിൽ തടസങ്ങളില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നാലെ സ്മാർട്ട് ക്രിയേഷൻസിനെ പരസ്യമായി ന്യായീകരിച്ച അഭിഭാഷകനെത്തന്നെ ദേവസ്വം ബോർഡിന് വേണ്ടി നിയോഗിക്കുമ്പോൾ താൽപര്യങ്ങളിലെ വൈരുദ്ധ്യം പ്രകടമാണെന്നും കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു.
സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലേക്ക് വിവാദം വളർന്നതോടെയാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ട് ഇടപെട്ട് പ്രദീപിനോട് പദവി ഒഴിയാൻ കർശന നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കെ. ബി. പ്രദീപ് ഉടൻ തന്നെ രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.



