Kerala

പിണറായിയെ ആലിംഗനം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല; അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടത്: രാഹുൽ ഗാന്ധിക്കെതിരെ എം.എ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള ഇന്ത്യ ബ്ലോക്കിന്റെ അഖിലേന്ത്യാ നേതൃത്വം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ പാലിക്കേണ്ട മര്യാദയും അന്തസ്സും കാണിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തിൽ വന്ന് സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന് ആരോപിക്കുന്നത് തികഞ്ഞ അസംബന്ധമാണെന്നും അദ്ദേഹം വാർത്താ മാധ്യമത്തോട് പ്രതികരിച്ചു.

​കേരളത്തിൽ രാഷ്ട്രീയ വിയോജിപ്പുള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി പിണറായി വിജയനെ ആലിംഗനം ചെയ്യണമെന്ന് സിപിഎം ഒരിയ്ക്കലും ആവശ്യപ്പെട്ടിട്ടില്ല. ആലിംഗനം എന്നത് നിർബന്ധിച്ച് വാങ്ങിപ്പിക്കേണ്ട ഒന്നല്ല, അത് പരസ്പരം സ്നേഹവും സൗഹൃദവും തോന്നുമ്പോൾ ചെയ്യേണ്ടതാണെന്ന് എം.എ ബേബി വ്യക്തമാക്കി. രാഷ്ട്രീയ വിയോജിപ്പ് മൂലം പിണറായിയെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞപ്പോൾ, പാർലമെന്റിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി ആലിംഗനം ചെയ്ത രംഗമാണ് തന്റെ ഓർമ്മയിലേക്ക് ആദ്യം വന്നതെന്നും ബേബി ചൂണ്ടിക്കാണിച്ചു.

​കേരളത്തിൽ ആർഎസ്എസിനെയും ബിജെപിയെയും പ്രത്യയശാസ്ത്രപരമായി നേരിടാൻ സിപിഎമ്മിനോളം പൊരുതുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മറ്റൊരു പാർട്ടിയില്ല. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് വന്ന് ഇത്തരം അസംബന്ധങ്ങൾ വിളിച്ചുപറയുന്ന ജോലി ഇവിടുത്തെ പ്രാദേശിക നേതാക്കൾക്ക് വിട്ടുകൊടുക്കാൻ അഖിലേന്ത്യാ നേതൃത്വം തയ്യാറാകണം. ഖാർഗെയും രാഹുൽ ഗാന്ധിയും കെട്ടിച്ചമയ്ക്കാത്ത, കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സമയം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സംസ്ഥാനങ്ങളിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഇന്ത്യ ബ്ലോക്കിലെ പാർട്ടികൾക്ക് പരസ്പരം മത്സരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ് . എന്നാൽ അപ്പോഴും ഒരു രാഷ്ട്രീയ മാന്യത നിലനിർത്തേണ്ടതുണ്ട് . ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിരുന്നതായും എം.എ ബേബി വ്യക്തമാക്കി. ഭിന്നതകൾ ഉണ്ടെങ്കിലും രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താൻ വിപുലമായ സമരനിര പടുത്തുയർത്തണമെന്ന കാഴ്ചപ്പാടോടെ ഇന്ത്യ ബ്ലോക്കുമായി സഹകരിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് സിപിഎം തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

See also  വിമർശനവുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Related Articles

Back to top button