Kerala

അമ്മയിലെ കലഹം; രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും: ബാബുരാജ്

കൊച്ചി: താരസംഘടനയായ അമ്മയിലെ രൂക്ഷമായ തർക്കത്തിന് പിന്നാലെ രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുമെന്ന് ബാബുരാജ്. നാല് മാസത്തേക്കാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നത്. കെ. ബി ഗണേഷ്കുമാറും അഡ്ഹോക്ക് കമ്മിറ്റിയിലുണ്ടാകുമെന്നും 67 ലക്ഷം രൂപയുടെ കണക്ക് അവതരിപ്പിക്കാൻ ശ്വേതയുടെ കമ്മിറ്റിക്ക് സാധിച്ചില്ലെന്നും യോഗത്തിൽ അംഗങ്ങളെല്ലാം അൻസിബയ്ക്ക് ഒപ്പമായിരുന്നുവെന്നും ബാബുരാജ് വ്യക്തമാക്കി.

നേരത്തെ ബാബുരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മിറ്റിക്കാണ് വീഴ്ചപറ്റിയതെന്ന് ശ്വേതാ പറഞ്ഞിരുന്നു. ഇതുവരെ പരസ്പരം തമ്മിലടിച്ചിരുന്ന ശ്വേതയും കുക്കു പരമേശ്വരനും ജനറൽ ബോഡിയിൽ ഒറ്റക്കെട്ടായി നിന്നുവെന്നും ബാബുരാജ് പറഞ്ഞു. ‘അമ്മ’യിൽ ഏറ്റവും കൂടുതൽ സ്ത്രീകളുടെ പരാതികൾ ഉയർന്നത് ശ്വേതയുടെ കാലത്താണെന്നും സ്വന്തം വീഴ്ചകൾ മറയ്ക്കാൻ അവർ ‘സ്ത്രീ കാർഡ്’ ഇറക്കി കളിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടർന്ന് ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി ഇന്ന് രാജിവെച്ചിരുന്നു. മുൻ ഭരണസമിതിക്കെതിരെയും ഭാരവാഹികൾക്കെതിരെയും ഗുരുതര സാമ്പത്തിക-ഭരണപരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ശ്വേത മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചത്. കൃത്യമായ അജണ്ട വെച്ചാണ് നിലവിലെ ഭരണസമിതിയെ രാജിവെപ്പിച്ചതെന്നും, മറ്റൊരാളുടെ പാവയായി നിന്ന് സംഘടനയെ നയിക്കാൻ താൻ തയ്യാറല്ലെന്നും ശ്വേത തുറന്നടിക്കുകയുണ്ടായി. സംഘടനയുടെ സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളെ ശ്വേത മേനോൻ പൂർണമായി തള്ളുകയും ചെയ്തു. താൻ പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കണക്കുകൾ തികച്ചും കൃത്യമാണെന്ന് അവർ അവകാശപ്പെട്ടു.

See also  ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

Related Articles

Back to top button