ഇവി യുഗത്തിൽ ഊർജ്ജ-സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സൺ മൊബിലിറ്റി; വിദേശ വിപണികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ സൺ മൊബിലിറ്റി തങ്ങളുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ സാങ്കേതിക വിഭാഗത്തെ (ടെക് ബിസിനസ്സ്) നെറ്റ്‌വർക്ക് പ്രവർത്തനങ്ങളിൽ നിന്ന് വേർതിരിച്ച് ആഗോള വിപണിയിലേക്ക് ചുവടുവെക്കുകയാണ്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, അനലിറ്റിക്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ലോകമെമ്പാടും വാണിജ്യവൽക്കരിക്കുന്നതിലൂടെ ഊർജ്ജ-സാങ്കേതികവിദ്യകളിൽ (Energy-Tech) വലിയ മുന്നേറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നാണ് അന്താരാഷ്ട്ര വിപുലീകരണത്തിന് കമ്പനി തുടക്കം കുറിക്കുന്നത്.
ബാറ്ററികൾ, ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റം (BMS), ചാർജിംഗ് സാങ്കേതികവിദ്യകൾ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലായി ഏകദേശം 400-ഓളം പേറ്റൻ്റുകൾ സൺ മൊബിലിറ്റിക്ക് സ്വന്തമായുണ്ട്. നിലവിൽ 1,20,000-ത്തോളം ഇലക്ട്രിക് വാഹനങ്ങളിൽ നിന്നായി പ്രതിദിനം 20 ടെറാബൈറ്റ് (TB) ഡാറ്റയാണ് കമ്പനി വിശകലനം ചെയ്യുന്നത്. കേവലം ബാറ്ററി സ്വാപ്പിംഗിൽ (Battery Swapping) മാത്രം ഒതുങ്ങിനിൽക്കാതെ തങ്ങളുടെ ബൗദ്ധിക സ്വത്തവകാശവും (IP) ഡാറ്റയും പ്രയോജനപ്പെടുത്തി പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനാണ് കമ്പനിയുടെ പുതിയ നീക്കം. സാങ്കേതിക സഹകരണത്തിനായി നാലഞ്ചു പ്രമുഖ വാഹന നിർമ്മാതാക്കളുമായി (OEMs) കമ്പനി ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ആഫ്രിക്കയിലെ പ്രമുഖ ഊർജ്ജ കമ്പനിയായ വിവോ എനർജിയുമായി (Vivo Energy) ചേർന്നാണ് സൺ മൊബിലിറ്റി വിദേശത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. അടുത്ത 3-5 വർഷത്തിനുള്ളിൽ കമ്പനിയുടെ മൊത്തം വ്യാപാരത്തിന്റെ 25 മുതൽ 30 ശതമാനം വരെ വിദേശ വിപണികളിൽ നിന്നാകുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചെയർമാനുമായ ചേതൻ മൈനി വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷത്തിൽ തന്നെ തങ്ങളുടെ ടെക് ബിസിനസ്സ് ലാഭത്തിലെത്തുമെന്നാണ് സൺ മൊബിലിറ്റിയുടെ വിലയിരുത്തൽ. കൂടാതെ ടാറ്റയുടെ സ്റ്റാർബസ് ഇവി (Starbus EV) പോലുള്ള ഹെവി-ഡ്യൂട്ടി ഇലക്ട്രിക് വാഹനങ്ങൾക്കായി ലോകത്തിലെ തന്നെ ആദ്യത്തെ ‘മോഡുലാർ മൾട്ടി-ബാറ്ററി സ്വാപ്പബിൾ സൊല്യൂഷനും’ സൺ മൊബിലിറ്റി അടുത്തിടെ പുറത്തിറക്കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിന്ന് മാറി, ഊർജ്ജ മേഖലയിലെ സാങ്കേതികവിദ്യകളിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന സൺ മൊബിലിറ്റിയുടെ പുതിയ ചുവടുവെപ്പ് ഇവി വ്യവസായത്തിലെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.



