Kerala

സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മന്നം സമാധി സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും എൻ.എസ്.എസിനെതിരെയും ഉയർന്ന ആരോപണങ്ങളെ ശക്തമായി തള്ളി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിനെ സംബന്ധിച്ചിടത്തോളം മന്നം സമാധി ഒരു ക്ഷേത്രം പോലെ വിശുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും സുരേഷ് ഗോപി എത്തിയത് ഗേറ്റ് അടച്ചിരുന്ന സമയത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

​സുരേഷ് ഗോപി സമാധിയിൽ എത്തിയത് പൂർണ്ണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് അദ്ദേഹം അനുമതി ചോദിച്ചിട്ടുപോലുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ മുൻ സന്ദർശനവേളയിൽ എസ്.പി.ജി പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡിനെ (പട്ടിയെ) കയറ്റാൻ അനുവദിക്കില്ലെന്ന നിലപാടാണ് താൻ സ്വീകരിച്ചത്. സമാധിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാനാണ് അങ്ങനെ ചെയ്തതെന്നും അത് ആർക്കും പ്രവേശനം നിഷേധിക്കലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​”തൃശൂർ പിടിച്ചപോലെ എൻ.എസ്.എസ് പിടിച്ചെടുക്കാം” എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ ജി. സുകുമാരൻ നായർ പുച്ഛിച്ചുതള്ളി. എൻ.എസ്.എസിനെ തകർക്കാൻ ശ്രമിച്ച മുൻകാല നേതാക്കളുടെ ഗതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും ഭീരുക്കളുടെ പ്രസ്താവനകളെ താൻ വകവെക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സുരേഷ് ഗോപിയുടെ നടപടി തെറ്റാണെന്ന് ബി.ജെ.പിയിലെ തന്നെ ചില നേതാക്കൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഈ കരുനീക്കം സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

​മുൻപ് ഉമ്മൻചാണ്ടിയും കെ.എം. മാണിയും ഭരിച്ചിരുന്ന കാലം ഇതിലും ഭേദമായിരുന്നുവെന്നും അവർക്ക് വ്യക്തമായ ഒരു വീക്ഷണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് താനെന്നും, തന്റെ ലക്ഷ്യം മന്നത്തിന്റെ പാതയാണെന്നും ആരെയും പേടിക്കാനില്ലെന്നും ആത്മധൈര്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.

See also  സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുന്നു; പരിതാപകരമായ അവസ്ഥയെന്ന് ഹൈക്കോടതി

Related Articles

Back to top button