Kerala

വിദ്യാ ബാലകൃഷ്ണൻ എം.എൽ.എക്ക് വന്ന വ്യാജ കോൾ; സിം ഉടമയെ കണ്ടെത്തി

എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് കോൾ വന്ന സംഭവത്തിൽ സിം കാർഡ് ഉടമയെ പോലീസ് കണ്ടെത്തി. ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശിയായ സിം ഉടമയെ തിരിച്ചറിയുകയും രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

​എന്നാൽ, സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ മൊബൈൽ ഫോൺ മുൻപ് മോഷണം പോയിരുന്നു എന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ഈ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സൈബർ സെല്ലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസിൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും വിപുലമായ അന്വേഷണം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലം:

​വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ദില്ലി ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ‘രാജ് കുമാർ’ എന്ന ആളാണ് എം.എൽ.എയെ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടത്. ഇംഗ്ലീഷിൽ സംസാരിച്ച ഇയാൾ കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും 3 കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.

​ഏകദേശം 10 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ തട്ടിപ്പുകാരന്റെ നീക്കങ്ങൾ മനസ്സിലാക്കിയ എം.എൽ.എ, പിന്നീട് പാർട്ടി നേതൃത്വവുമായും പ്രിയങ്ക ഗാന്ധിയുടെ ഓഫീസമായും ബന്ധപ്പെട്ട് കോൾ വ്യാജമാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

See also  കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി: ട്രെയിന്‍ സർവീസ് വൈകുന്നു

Related Articles

Back to top button