Kerala

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് കൊല്ലം റൂറൽ എസ്പി

കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ഗുരുതര ആരോപണത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ മാധ്യമങ്ങളോട് പറഞ്ഞു.

​വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പൂർണ്ണ വ്യക്തത വരൂ എന്ന് എസ്പി വ്യക്തമാക്കി. പ്രാഥമിക വിവരമനുസരിച്ച് ഹൃദയത്തിലുണ്ടായ അണുബാധയാണ് യുവാവിന്റെ മരണകാരണമെന്നും, സിയാദ് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ചികിത്സയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൂർണ്ണമായി ലഭ്യമാകുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നും എസ്പി കൂട്ടിച്ചേർത്തു.

​കുണ്ടറ സ്വദേശിയായ സിയാദിനെ വിദ്യാർത്ഥിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിട്ടയച്ച സിയാദിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കസ്റ്റഡിയിലിരിക്കെ ലഭിച്ച ക്രൂരമർദ്ദനമാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.

​പൊലീസുകാർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത് എന്നതിനാൽ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാനാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടിന് (DySP) കൈമാറിയിരിക്കുന്നത്. ആരോപണവിധേയനായ പൊലീസുകാരനെ അന്വേഷണ വിധേയമായി മാറ്റിനിർത്തുന്ന കാര്യവും പരിഗണനയിലാണെന്ന് എസ്പി അറിയിച്ചു. സംഭവത്തിൽ നിലവിലെ അന്വേഷണ പുരോഗതി വിവരിക്കുന്ന പ്രാഥമിക റിപ്പോർട്ട് റൂറൽ എസ്പി, സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. 

See also  കെസി ആർസി വിഡി ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി; തീരുമാനം ഉടൻ: ചർച്ച അന്തിമ ഘട്ടത്തിൽ

Related Articles

Back to top button