Kerala

നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന്; ഭരണസ്തംഭനമെന്ന് ആരോപണം

ബിജെപി ഭരിക്കുന്ന പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പ്രസിഡന്റിന്റെ സ്വജനപക്ഷപാതവും ഏകാധിപത്യപരമായ ഭരണശൈലിയും പഞ്ചായത്തിലെ ഭരണസ്തംഭനത്തിന് കാരണമായെന്നാരോപിച്ചാണ് കോൺഗ്രസ് അവിശ്വാസത്തിന് നീക്കം നടത്തിയത്. അതേസമയം, അവിശ്വാസ പ്രമേയം വിജയിക്കണമെങ്കിൽ സിപിഎമ്മിന്റെ പിന്തുണ കോൺഗ്രസിന് അനിവാര്യമാണ്.

14 അംഗ ഭരണസമിതിയിൽ ബിജെപിക്കും കോൺഗ്രസിനും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളാണുള്ളത്. അംഗബലം തുല്യമായ സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ പ്രസാദ് വി.ബി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഉപാധ്യക്ഷ സ്ഥാനം കോൺഗ്രസിനും ലഭിച്ചിരുന്നു.

പ്രസിഡന്റിന്റെ ഭരണകെടുകാര്യസ്ഥത, സ്വജനപക്ഷപാതം, ഏകാധിപത്യപരമായ തീരുമാനങ്ങൾ എന്നിവ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതേ തുടർന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.അവിശ്വാസ പ്രമേയം പാസാകാൻ സിപിഎമ്മിന്റെ രണ്ട് അംഗങ്ങളുടെയും പിന്തുണ നിർണായകമാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടതുപക്ഷം പിന്തുണ നൽകുമെന്ന പ്രതീക്ഷയുണ്ടെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വി.പി. മനോജ് കുമാർ പ്രതികരിച്ചു.

എന്നാൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നിലപാട് പ്രഖ്യാപിക്കുകയെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം വിട്ടുനിന്നിരുന്നു. അതിനാൽ ഇത്തവണ സിപിഎം സ്വീകരിക്കുന്ന നിലപാടാകും നാരങ്ങാനം പഞ്ചായത്തിലെ ഭരണഭാവി നിർണയിക്കുക.

See also  കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

Related Articles

Back to top button