ഇഡി കത്തിലെ നിയമോപദേശം; കേസെടുക്കുന്നതില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് വിഷയം പരിശോധിക്കുകയാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘എജിയുടെ നിയമോപദേശം ഞാന്‍ കണ്ടിട്ടില്ല. മേല്‍ നടപടി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീരുമാനിക്കും. രാഹുല്‍ ഗാന്ധിയുമായി വിഷയം സംസാരിക്കേണ്ട ആവശ്യമില്ല. അത് ഇവിടെ തീരുമാനിക്കേണ്ട കാര്യമാണ്’, ചെന്നിത്തല പറഞ്ഞു.
മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു പ്രശ്നവുമില്ല. മാധ്യമങ്ങളുമായി സര്‍ക്കാരിന് നല്ല ബന്ധമാണ്. ആരുമായും പ്രശ്നമില്ല. നിയമം നിയമത്തിന്റെ വഴിയെ പോകും. എസ്ഐടി സ്വതന്ത്രമായി പ്രവര്‍ത്തിക്കും. മന്ത്രി എന്ന നിലയില്‍ താനോ സര്‍ക്കാരോ അതില്‍ ഇടപെടില്ല. അടൂരില്‍ പട്ടികജാതി യുവാവിന് പൊലീസ് മര്‍ദ്ദനമേറ്റ പരാതി അന്വേഷിക്കുകയാണ്. ജില്ലാ ക്രൈംബ്രാഞ്ച് വിഷയം അന്വേഷിച്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പിണറായി വിജയനും മുഹമ്മദ് റിയാസിനും ഉള്‍പ്പടെ എതിരായ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് മന്ത്രി കെ മുരളീധരനും പ്രതികരിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. തെരഞ്ഞെടുപ്പില്‍ പലരും സംഭാവന വാങ്ങും. അത് കൈക്കൂലിയല്ല. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം വാങ്ങുന്നത് അഴിമതിയാണ്. പിണറായി മുഖ്യധാരയില്‍ നിന്നും മാറിയാല്‍ ബേബി ഒക്കെ കൂടി റിയാസിനെ ചവിട്ടിപ്പിഴിയും. അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഫ്യൂച്ചര്‍ ബിസിനസ് ആലോചിക്കുന്നത്. അതില്‍ റിയാസിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കെ മുരളീധരന് പരിഹസിച്ചു.



