മണാശ്ശേരി അങ്ങാടിയിൽ തെരുവ് നായ ശല്യം രൂക്ഷം: ജനങ്ങൾ ഭീതിയിൽ, മുക്കം മുൻസിപ്പാലിറ്റി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

മണാശ്ശേരി: മണാശ്ശേരി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതീവ രൂക്ഷമാകുന്നു. മാസങ്ങളായി തുടരുന്ന നായകളുടെ അക്രമ സ്വഭാവം പ്രദേശവാസികളുടെയും വ്യാപാരികളുടെയും ദിനംപ്രതിയുള്ള ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അങ്ങാടിയിലൂടെ നടന്നുപോകുന്ന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഭയപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്.
അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും നായക്കൂട്ടം വലിയ രീതിയിലുള്ള പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ തെരുവ് നായകൾക്ക് അനിയന്ത്രിതമായി ഭക്ഷണം നൽകുന്ന ചില വ്യക്തികളുടെ രീതി പ്രശ്നം കൂടുതൽ വഷളാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇത്തരക്കാരുടെ പ്രവർത്തികൾ നായകൾ അങ്ങാടിയിൽ തടിച്ചുകൂടാൻ കാരണമാകുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
തെരുവ് നായ ഭീഷണി കാരണം വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിഷയം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മുക്കം മുൻസിപ്പാലിറ്റി അധികൃതർ അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നാണ് മണാശ്ശേരിയിലെ ജനങ്ങളുടെ പ്രധാന ആവശ്യം.


