Kerala

എന്റെ മകനെ താ.. എട്ട് ദിവസമായി, ഇവര്‍ എന്ത് ചെയ്തു; പ്രതിഷേധിച്ച് ഷിജിന്റെ കുടുംബം

തിരുവനന്തപുരം: പ്രതിഷേധം ശക്തമാക്കി കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബം. അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഷിജിനെ കാണാതായിട്ട് എട്ട് ദിവസമായി. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതിലാണ് കുടുംബത്തിന്റെ പ്രതിഷേധം. ഷിജിന്റെ ഭാര്യയും മക്കളും ഉള്‍പ്പടെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഉത്തരം ലഭിക്കുന്നത് വരെ തങ്ങള്‍ റോഡില്‍ നിന്ന് മാറില്ലെന്നാണ് കുടുംബം പറയുന്നത്. ശക്തമായ മഴയിലും കുടുംബം റോഡില്‍ കുത്തിയിരിക്കുകയാണ്.

ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്നതിനായി നടപടി ഉണ്ടാകുന്നത് വരെ കുഞ്ഞുങ്ങളുമായി റോഡില്‍ തന്നെ ഇരിക്കുമെന്ന് ഷിജിന്റെ ഭാര്യ പ്രതികരിച്ചു. തങ്ങള്‍ക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടക്കുന്നുണ്ടെന്ന് സ്ഥലം എംഎല്‍എ രമ്യ ഹരിദാസ് പ്രതികരിച്ചു. കടല്‍ പ്രക്ഷുബ്ദമായതാണ് പ്രശ്‌നം. താന്‍ ഷിജിന്റെ കുടുംബത്തോടുള്‍പ്പടെ സംസാരിച്ചിരുന്നുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.

കാലാവസ്ഥ രൂക്ഷമായതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ഷിജിന്‍ ഉള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത്. നീണ്ടകരയില്‍ നിന്നുള്ള ഗൗതം കൃഷ്ണ, വിഴിഞ്ഞത്ത് നിന്നുള്ള ജോണ്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. എട്ട് ദിവസമായി മൂന്ന് പേരെയും കാണാതായിട്ട്. കാര്യക്ഷമമല്ലാത്ത തിരച്ചിലില്‍ പ്രതിഷേധിക്കുമ്പോഴും ഇന്നെങ്കിലും പ്രിയപ്പെട്ടവരെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഉറ്റവര്‍. നടപടി ഇല്ലാതിരുന്നതോടെ സ്വന്തം നിലയ്ക്ക് സ്‌കൂബ ഡൈവേഴ്സിനെ വെച്ച് തിരച്ചില്‍ നടത്തുകയായിരുന്നു തങ്ങളെന്ന് ഷിജിന്റെ ഭാര്യ നേരത്തെ പറഞ്ഞിരുന്നു. ഷിജിന്റെ സുഹൃത്തുക്കളായ സ്‌കൂബ ഡൈവേഴ്സാണ് കടലില്‍ സ്വന്തം നിലയ്ക്ക് തിരച്ചില്‍ നടത്തിയത്. നീണ്ടകരയിലും, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളും സ്‌കൂബ ഡൈവിങ് സംഘവും നീണ്ടകരയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

See also  110 ഗ്രാം എംഡിഎംഎയുമായി യുവാവ് പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

Related Articles

Back to top button