അധികാരത്തിലെത്തിയ ശേഷം പിണറായി ആളാകെ മാറി; എം.എ. ബേബി ദുർബലൻ: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: സിപിഎം നേതാക്കൾക്കെതിരേ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടിക്ക് ഗതികേടാണെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ദുർബലനാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയതിനു ശേഷം പിണറായി വിജയൻ ആളാകെ മാറിപ്പോയെന്നും അദ്ദേഹത്തിന് വന്ന മാറ്റം അതിശയിപ്പിക്കുന്നതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ചന്ദ്രിക വാരികയുടെ ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം. സൽപ്പേരിന് വലിയ ഇടിവ് സംഭവിച്ചെന്നും എല്ലാ പ്രയാസവും ഉണ്ടായിരുന്നപ്പോൾ തന്നെയാണല്ലോ വിളിച്ചുകൊണ്ടിരുന്നതെന്നും എന്താണ് മറന്നുപോയതെന്നും അദ്ദേഹം മറന്നാലും അതൊന്നും ജനങ്ങൾ മറക്കില്ലെന്നും സുധാകരൻ പറഞ്ഞു.
അധികാരത്തിലെത്തുക അതിനായി കുറച്ച് നേതാക്കളെ തയാറാക്കി വയ്ക്കുക എന്നതാണ് സമീപ വർഷങ്ങളിലെ സംഘടനാ പ്രവർത്തനമെന്നും പാർട്ടിക്കകത്ത് യാതൊരുവിധ ആശയ സംവാദവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് സംസ്ഥാനത്ത് സംഭവിച്ച തെറ്റുകൾ തിരിച്ചറിയാൻ വലിയ ബുദ്ധിയുടെ ആവശ‍്യമില്ലെന്നും ഏതൊരു സാധാരണക്കാരനും മനസിലാകുമെന്നും സിപിഎമ്മിന് മാത്രമാണ് അത് തിരിച്ചറിയാൻ കഴിയാത്തതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 5 വർഷക്കാലം പാർട്ടി വിട്ടുപോയവരുടെ കണക്ക് പരിശോധിക്കാൻ എകെജി പഠന ഗവേഷണ കേന്ദ്രം തയാറാകുന്നില്ലെന്നും എകെജി പഠന ഗവേഷണ കേന്ദ്രം പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.



