മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര; സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി നൽകി അഭിഭാഷകൻ അതുൽ ടോം

കൊച്ചി: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തിൽ ഔദ്യോഗിക ബോർഡ് വച്ച് യാത്ര ചെയ്ത സംഭവത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരേ പരാതി. ഹൈക്കോടതി അഭിഭാഷകാനായ അതുൽ ടോമാണ് മോട്ടോർ വാഹന കമ്മിഷണർക്കും സർക്കാരിനും പരാതി നൽകിയിരിക്കുന്നത്.
സർക്കാർ പദവി ദുരുപയോഗം ചെയ്തെന്നും മോട്ടോർ വാഹന ചട്ടലംഘനം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവം വലിയ വിവാദത്തിന് ഇടയാക്കിയതിനു പിന്നാലെ റേഞ്ച് റോവർ കാർ ഉടമയും കെഎംസിസി നേതാവുമായ യാക്കൂബിന് മന്ത്രി വാഹനം തിരിച്ചുനൽകിയിരുന്നു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നായിരുന്നു പ്രചാരണം. എന്നാൽ സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാർ നൽകിയ ഇന്നോവ ക്രിസ്റ്റ കാറിന് പുറമെയാണ് മന്ത്രി ഈ ആഡംബര കാർ ഉപയോഗിച്ചത്.
സൗജന്യമായി ലഭിച്ച വാഹനമാണെങ്കിൽ പോലും അതിൽ ഔദ്യോഗിക ചിഹ്നങ്ങൾ പതിപ്പിച്ച് വാഹനമോടിക്കുന്നത് ധാർമികമല്ലെന്നും മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ വിമർശിച്ചിരുന്നു.



