Kerala

വിധവാ പെന്‍ഷന്‍ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: വിധവാ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെന്‍ഷന്‍. മലപ്പുറം പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖയിലെ ജീവനക്കാരന്‍ കെ.ടി നൗഫലിനെയാണ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമാണ് നൗഫല്‍. സംഭവത്തിന് പിന്നാലെ നൗഫലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

മൂര്‍ക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെന്‍ഷനാണ് ഇയാള്‍ തട്ടിയെടുത്തത്. പത്തുമാസത്തെ പെന്‍ഷന്‍ തുകയായ 20,000 രൂപ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് കൈപ്പറ്റി എന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള പെന്‍ഷന്‍ തുകയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.

സംഭവം പുറത്തിറഞ്ഞതിനെ തുടര്‍ന്ന് 18,000 രൂപ ഗുണഭോക്താവിന് തിരികെ നല്‍കിയതായി പരാതിയില്‍ പറയുന്നു. പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ പലതവണ പരാതി പറഞ്ഞിരുന്നു. എന്നാല്‍, പഞ്ചായത്ത് പെന്‍ഷന്‍ അനുവദിച്ചിട്ടില്ലെന്ന വിവരമാണ് അറിയിച്ചത്. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് പെന്‍ഷന്‍ തുക ബാങ്കില്‍ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടമ്മ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നൗഫലിനെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.

നൗഫലിനെ ഒരു വര്‍ഷത്തേക്കാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ, ബാങ്ക് ജീവനക്കാര്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം അവസാനിപ്പിക്കുന്നതിനെതിരെ മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സിപിഎം നടത്തിയ സമരത്തിന് നൗഫല്‍ നേതൃത്വം നല്‍കിയിരുന്നു.

See also  യാത്രക്കാരി പണം തന്നാലും വാങ്ങില്ല; പ്രിയദർശിനി പദ്ധതിയിൽ പാവപ്പെട്ടവർക്കെന്ന വേർതിരിവില്ല: ഗതാഗത മന്ത്രി സി.പി. ജോൺ

Related Articles

Back to top button