Kerala

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി ഡിസതീശന് അതൃപ്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അനാവശ്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കരിങ്കൊടി പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതിഷേധത്തില്‍ അമിത് ഷായ്ക്കും അമര്‍ഷമുണ്ട്. കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു.

അതേസമയം അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തില്‍ തെറ്റില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാട്ടിയത് സംഘടനാ തലത്തില്‍ എടുത്ത തീരുമാനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജനീഷ് പറഞ്ഞു. ഈ കാര്യത്തില്‍ സംഘടനയില്‍ ഭിന്നതയില്ല. ഇതിന്റെ പേരില്‍ സംസ്ഥാന മന്ത്രിമാരെ കരിങ്കൊടി കാട്ടുന്നത് രാഷ്ട്രീയ പാപ്പരത്വമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കരിങ്കൊടി കാട്ടിയത്. യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന്റെ യുക്തി മനസിലാകുന്നില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു. അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രണ്ടിടങ്ങളില്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതിന് പുറമേ സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

കൊല്ലത്തായിരുന്നു അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതിന് പിന്നാലെ അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര്‍ എംഎല്‍എ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ബി ബി ഗോപകുമാര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. വിവിഐപി വാഹനം കടന്നുപോയ വഴിയില്‍ വെറും അന്‍പത് മീറ്റര്‍ മാത്രം അകലെ പ്രതിഷേധക്കാര്‍ക്ക് എത്താന്‍ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നും ഗോപകുമാര്‍ പറഞ്ഞിരുന്നു.

See also  വിദേശ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്ന് ഷോൺ ജോർജ്; ഇ ഡിക്ക് കത്ത് നൽകി

Related Articles

Back to top button