Kerala

ലീഗ് പട്ടിക തയ്യാര്‍; പിഎംഎ സലാം സില്‍ക് ചെയര്‍മാനാകും

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡിന്റെ ചെയര്‍മാനാകും. ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരുടെ ആദ്യഘട്ട പട്ടിക മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് കൈമാറി. സിഡ്‌കോ ചെയര്‍മാനായി സി പി സൈദലവിയുടെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷയായി സുഹ്റ മമ്പാട് എത്തും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മയില്‍ വയനാട് KSMDFC ചെയര്‍മാനാകും.

കെല്‍ ചെയര്‍മാനായി ടി എം സലീമിന്റെ പേരാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പിഎസ്‌സി അംഗത്വം രണ്ടര വര്‍ഷം വീതം വീതിക്കാനാണ് തീരുമാനം. ആദ്യ ടേമില്‍ ഷാഫി ചാലിയത്തെ അംഗമാക്കാനും തീരുമാനമുണ്ട്.

ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ കൂടുതല്‍ സ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു അവകാശവാദം. നിയമനങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനത്തിന് കെപിസിസി മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. മുന്‍ ജനപ്രതിനിധികളെയും പരിഗണിച്ചേക്കില്ല. കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി അധ്യക്ഷന്മാര്‍ക്കും പ്രഥമ പരിഗണന നല്‍കാനാണ് സാധ്യത.

അതേസമയം, പി വി അന്‍വറിന് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബേപ്പൂരില്‍ പരീക്ഷണത്തിനിറങ്ങുമ്പോള്‍ ഉപാധിയായി നല്‍കിയ ഉറപ്പാണ് പാഴായത്. കോണ്‍ഗ്രസിന് തന്നെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍ കെടിഡിസി വേണമെന്ന് അന്‍വര്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിയില്‍ പരിഗണന വേണമെന്നും അന്‍വര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

See also  ജീവനക്കാർ സഹകരിച്ചില്ല; കെഎസ്ആർടിസി കുപ്പിവെള്ള പദ്ധതി അവസാനിച്ചു

Related Articles

Back to top button