Sports

ലോകകപ്പ് 2026; ദക്ഷിണാഫ്രിക്ക മെക്സിക്കോ മത്സരം: കളിയിൽ മൂന്ന് ചുവപ്പ് കാർഡുകൾ

മെക്സിക്കോ സിറ്റി: ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സഹ-ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയം. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഗോളുകളേക്കാൾ കൂടുതൽ ചുവപ്പ് കാർഡുകൾ കൊണ്ട് നാടകീയത നിറഞ്ഞതായിരുന്നു ടൂർണമെന്റിലെ ആദ്യ മത്സരം.

​മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ജൂലിയൻ ക്വിനോണസിലൂടെ മെക്സിക്കോ മുന്നിലെത്തി. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് ക്വിനോണസ് ഗോൾ നേടിയത്. തുടർന്ന് മത്സരത്തിന്റെ 67-ാം മിനിറ്റിൽ ലഭിച്ച മികച്ചൊരു ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സീനിയർ താരം റൗൾ ജിമെനെസ് മെക്സിക്കോയുടെ വിജയം ഉറപ്പിച്ചു. ജിമെനെസിന്റെ ലോകകപ്പ് കരിയറിലെ ആദ്യ ഗോളാണിത്.

​രണ്ടാം പകുതിയിൽ കളി കയ്യാങ്കളിയിലേക്കും അച്ചടക്കമില്ലായ്മയിലേക്കും നീങ്ങിയതോടെ റഫറിക്ക് മൂന്ന് തവണ ചുവപ്പ് കാർഡ് പുറത്തെടുക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയുടെ യയാ സിത്തോലെ (49′), തീംബ സ്വാനെ (83′) എന്നിവരും മെക്സിക്കോ ക്യാപ്റ്റൻ സീസർ മോണ്ടസും (92′) ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഒൻപത് പേരുമായാണ് ദക്ഷിണാഫ്രിക്ക മത്സരം അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഉദ്ഘാടന മത്സരത്തിൽ മൂന്ന് ചുവപ്പ് കാർഡുകൾ പിറക്കുന്നത്. ജയത്തോടെ ഗ്രൂപ്പ് എയിൽ മെക്സിക്കോ മൂന്ന് പോയിന്റുമായി മുന്നിലെത്തി.

See also  സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ ക്രീസിൽ, സൽമാന് അർധസെഞ്ച്വറി; രണ്ടാം ദിനം കേരളം 7ന് 418

Related Articles

Back to top button