Gulf

ഭീകരാക്രമണത്തിൽ പരിക്കേറ്റ ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ; ധീരതയെയും ഉത്തരവാദിത്തബോധത്തെയും പ്രശംസിച്ചു

അബുദാബി: ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഭീകരാക്രമണശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യു.എ.ഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആശുപത്രിയിലെത്തി സന്ദർശിച്ചു.

​കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും സമചിത്തതയോടെയും ധീരതയോടെയും പ്രവർത്തിച്ച് 170-ലധികം യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച സ്മിത് മച്ചാറിൻ്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും ഷെയ്ഖ് ഹംദാൻ ആദരിച്ചു.

​“അത്യന്തം അപകടകരമായ സാഹചര്യത്തിലും സമാനതകളില്ലാത്ത ധീരതയും ഉത്തരവാദിത്തവുമാണ് സ്മിത് കാണിച്ചത്. നമ്മുടെ രാജ്യത്തിന്റെ കഥയുടെയും, സമാധാനത്തിന്റെയും, ജീവന്റെ മൂല്യങ്ങളുടെയും ഭാഗമാണ് അദ്ദേഹം,” എന്ന് സന്ദർശന ശേഷം ഷെയ്ഖ് ഹംദാൻ കുറിച്ചു.

​ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ വെച്ചാണ് ഒമാൻ സ്വദേശിയായ കോ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിക്കുകയും ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും ചെയ്തത്. മാരകമായി പരിക്കേറ്റിട്ടും സമയോചിതമായി കോക്ക്പിറ്റ് തുറന്ന് സഹായം അഭ്യർത്ഥിച്ച സ്മിതിന്റെ നീക്കമാണ് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കാൻ സഹായിച്ചത്.

​കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മിത് മച്ചാറുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും അദ്ദേഹത്തിന്റെ വീരമൃത്യുവിന് തുല്യമായ പ്രവൃത്തിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. നിലവിൽ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള സ്മിതിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. 

See also  സ്ത്രീയെ വാട്‌സ്ആപ്പ് വഴി അപമാനിച്ച പ്രതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് അല്‍ ഐന്‍ കോടതി

Related Articles

Back to top button