പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ അതൃപ്തി രൂക്ഷമാകുന്നു; അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടും

മൂന്നാം പിണറായി സർക്കാരെന്ന മുദ്രവാക്യം സിപിഎം ഉയർത്തുമ്പോൾ തന്നെ പിഎം ശ്രീയെ ചൊല്ലി മുന്നണിയിൽ പൊട്ടിത്തെറി തുടരുന്നു. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ തുറന്നടിച്ചിരുന്നു. എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം തള്ളിയാണ് സിപിഐ എതിർപ്പ് തുടരുന്നത്.
അതേസമയം പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് സിപിഎം തീരുമാനം. വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സിപിഐ ഇടഞ്ഞുനിൽക്കുന്നത് മുന്നണിക്ക് തിരിച്ചടിയാണ്.
ആറ് മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് മന്ത്രിമാരെ പിൻവലിക്കുന്നതടക്കമുള്ള കടുത്ത നിലപാട് സിപിഐ സ്വീകരിക്കുമോയെന്ന ആശങ്കയുള്ളത്. നന്ദിഗ്രാം ഓർമിപ്പിച്ചാണ് സിപിഎമ്മിന് സിപിഐ മുന്നറിയിപ്പ് നൽകുന്നത്.
ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിയെന്നാണ് സിപിഐയുടെ പരാതി. വർഗീയ വിരുദ്ധ മുദ്രവാക്യം ഒറ്റ ദിവസം കൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഇത് എൽഡിഎഫിന്റെ വഴിയല്ലെന്നും സിപിഐ തുറന്നടിച്ചു. എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ബിനോയ് വിശ്വം ഇന്നലെ പറഞ്ഞത്.



