Kerala

ഐഷ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയക്കൽ സോമൻ. ഐഷാ പോറ്റി തിരുവനന്തപുരത്തുവച്ച് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഗുരുതര ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഉൾപ്പെടെ തന്റെ കൈവശമുണ്ടെന്നാണ് വയക്കൽ സോമന്റെ അവകാശവാദം. 

ഐഷാ പോറ്റി ബിജെപി നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പുറത്തുവിടും എന്നുൾപ്പെടെയാണ് വയക്കൽ സോമൻ പറയുന്നത്. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ പിന്നീട് നിരീശ്വരവാദിയാക്കിയ പാർട്ടിയാണ് സിപിഎം എന്നും വയക്കൽ സോമൻ പ്രതികരിച്ചു.

കൊട്ടാരക്കരയിലെ മത്സരചിത്രം തെളിയുകയും കോൺഗ്രസ് സ്ഥാനാർഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്ന സംശയം ബലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് വയക്കൽ സോമന്റെ പ്രതികരണം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ധനമന്ത്രി ബാലഗോപാലിനെ ലക്ഷ്യം വച്ച് വയക്കൽ സോമൻ ഉന്നയിച്ച ആരോപണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.
 

See also  മെക്7 ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വി മുരളീധരന്‍

Related Articles

Back to top button