Kerala

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. മുൻ മുഖ്യമന്ത്രിയുടെ ചീഫ് ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, അകമ്പടി സേനയിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് ഡിജിപി അടിയന്തര സസ്‌പെൻഷൻ ഉത്തരവിറക്കിയത്.

​സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (SIT), പ്രതികളായ പൊലീസുകാർ ഗുരുതരമായ ചട്ടലംഘനവും ക്രിമിനൽ കുറ്റവുമാണ് ചെയ്തതെന്ന് കണ്ടെത്തി ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള അച്ചടക്ക നടപടി.

​2023 ഡിസംബറിൽ നടന്ന നവകേരള യാത്രയ്ക്കിടെ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ച് കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ്, നിലവിലെ ആലപ്പുഴ എം.എൽ.എ എ.ഡി.തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി വന്ന ഗൺമാൻമാരും പൊലീസുകാരും ലാത്തികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

​ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ മാറ്റുന്നതിനിടയിൽ, സുരക്ഷാ ചുമതല മറികടന്ന് ഗൺമാൻമാർ നേരിട്ടിറങ്ങി മർദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഈ നടപടിയെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കുകയാണ് ചെയ്തത്.

​തുടർന്ന് മർദനമേറ്റ നേതാക്കൾ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരായത്. കേസ് അട്ടിമറിക്കാൻ മുൻപ് ഉന്നതതല ശ്രമം നടന്നതായി മൊഴികൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, പുതിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിർണായക നടപടി ഉണ്ടായിരിക്കുന്നത്.

See also  രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

Related Articles

Back to top button