മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ; പോസ്റ്റ് ഷെയർ ചെയ്ത് പ്രതിഷേധിക്കാൻ കെ.എസ്.ടി.എ: ക്യാമ്പെയ്ൻ ശക്തമാക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന ആരോപണത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA). സസ്പെൻഷന് കാരണമായ അതേ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്ത് പ്രതിഷേധിക്കാനാണ് അധ്യാപക സംഘടനയുടെ തീരുമാനം.
’മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം’ എന്ന വാചകത്തോടെയാകും അധ്യാപകർ ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുക. പ്രിൻസിപ്പലിനെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുന്ന കെ.എസ്.ടി.എ, സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. മെയ് 31-ന് സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പ്രിൻസിപ്പലിനെതിരെ ഈ അച്ചടക്ക നടപടി.
ഖജനാവിലെ പണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റ് ജവാദ് ഫേസ്ബുക്കിൽ പങ്കുവെച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. ഈ പോസ്റ്റ് അധ്യാപകരിലും വിദ്യാർത്ഥികളിലും രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും, സർക്കാരിനെയും വ്യക്തികളെയും അധിക്ഷേപിക്കുന്നത് ചട്ടലംഘനമാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ അധ്യാപകനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ വിരമിക്കലിന്റെ തൊട്ടുതലേന്നുള്ള ഈ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ചാണ് അധ്യാപക സംഘടനകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.



