കുഞ്ഞിന്റെ കാലിൽ ചൂടുവെള്ളം വീണെന്നായിരുന്നു പറഞ്ഞത്; അഷ്‌കർ മാത്രമല്ല, അമ്മയും ഭാര്യയുമൊക്കെ പ്രതികളാണ്: രോക്ഷം അണപൊട്ടി നാട്ടുകാർ

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുള്ള കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച അഷ്കറിനെതിരെ നാട്ടുകാർ. കുഞ്ഞിന്റെ കാലിൽ സിഗററ്റ് കൊണ്ട് പൊള്ളിയ പാടുകൾ ചൂടുവെള്ളം വീണെന്നായിരുന്നു അഷ്കർ നാട്ടുകാരോട് പറഞ്ഞത്. കേസിൽ അഷ്കർ മാത്രമല്ല കുഞ്ഞിന്റെ അമ്മയും അഷ്കറിന്റെ അമ്മയും പ്രതികളാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചെന്നും അബോധാവസ്ഥയിലായ കുട്ടിക്ക് ചോറ് വാരി കൊടുക്കുന്നത് ബന്ധു കണ്ടെന്നും നാട്ടുകാർ പറഞ്ഞു. മരിച്ച കുട്ടിക്കാണ് അഷ്കർ ചോറ് വാരി കൊടുത്തിരുന്നത്. ബന്ധുവിനെ തെറ്റദ്ധരിപ്പിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നതെന്ന് നാട്ടുകാർ പറയുന്നത്.
അഷ്കർ സ്ഥിരം കുറ്റവാളിയാണെന്നാണ് നാട്ടുകാർ പറയുന്നത്. അഷ്കറിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിലർ പ്രതിയെ മർദിക്കുകയും ചെയ്തിരുന്നു. അഷ്കറിനെ തെളിവെടുപ്പിനായി എത്തിക്കും എന്ന് അറിഞ്ഞതോടെ പരിസരത്ത് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ഇയാളുടെ സഹോദരി ഭർത്താവാണ് പനവൂർ കരിക്കുഴിയിലെ വാടകവീട് ഏർപ്പാടാക്കി കൊടുത്തത്. 4 മാസം മുൻപാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസിക്കാനായി എത്തുന്നത്.
കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി. മരിക്കുന്നതിന് മുൻപ് കുട്ടി മർദനത്തിന് ഇരയായെന്നും ആന്തരിക അവയവയത്തിന് വരെ പരുക്കേറ്റെന്നും പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.



