Kerala

ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുൽ അറസ്റ്റിൽ: ചുമത്തിയത് ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനവും

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ 27-കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് ഫോർട്ട് പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റവും ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

​വെള്ളിയാഴ്ച രാത്രിയാണ് വർക്കല സ്വദേശിനിയായ ആരതിയെ ആറ്റുകാലിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അതുലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർച്ചയായ ശാരീരിക-മാനസിക പീഡനങ്ങൾ കാരണമാണ് ആരതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ശരീരത്തിൽ പരിക്കുകൾ; തെളിവായി വാട്സ്ആപ്പ് സന്ദേശങ്ങൾ

​ഇൻക്വസ്റ്റ് നടപടികളിൽ ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അടയാളങ്ങളും 13 ഓളം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുൻപ് പ്രതി തന്നെ ക്രൂരമായി മർദ്ദിച്ച വിവരം ആരതി അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മാത്രമല്ല, മുൻപ് പലതവണ മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോകളും ആരതി അമ്മയ്ക്ക് വാട്സ്ആപ്പിലൂടെ അയച്ചുനൽകിയിരുന്നതായും കുടുംബം പറയുന്നു.

സ്വർണവും പണവും തട്ടിയെടുത്തു

​ഒന്നര വർഷം മുൻപായിരുന്നു കല്ലറ സ്വദേശിയായ അതുലും ആരതിയും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് നൽകിയ 50 പവനിലധികം സ്വർണം അതുൽ പലപ്പോഴായി പണയം വെക്കുകയും, പിന്നീട് എട്ട് ലക്ഷം രൂപയ്ക്ക് ഇത് വിറ്റ് കാർ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു പിന്നീട് ഉപദ്രവം.

​പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആരതിയുടെ വ്യക്തിപരമായ ഡയറിയിലും ആത്മഹത്യാക്കുറിപ്പിലും ഭർതൃപീഡനത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

See also  മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം; മകന് സർക്കാർ ജോലിയും

Related Articles

Back to top button