Kerala

നടി അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം സെഷൻസ് കോടതി ഉത്തരവ്

കൊച്ചി: വർഗീയ പരാമർശം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് (കോടതി നമ്പർ 8) കോടതി പോലീസിന് നിർദേശം നൽകി. ടിനി ടോമിനെതിരെ കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന കടവന്ത്ര പോലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്.

​ടിനി ടോം തനിക്കെതിരെ വംശീയാധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തിയെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും കാണിച്ച് ജൂൺ ഒന്നിനാണ് അൻസിബ പോലീസിൽ പരാതി നൽകിയത്. ടിനി ടോം തന്റെ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചു എന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയെന്നും ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നും അൻസിബ ആരോപിച്ചിരുന്നു.

​തുടർന്ന് കേസ് അന്വേഷിച്ച കടവന്ത്ര പോലീസ്, മറ്റൊരാൾ പറഞ്ഞു കേട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും ഇതിൽ കേസെടുക്കാൻ തക്ക തെളിവുകളില്ലെന്നും കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ പോലീസ് റിപ്പോർട്ടിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി, വർഗീയ പരാമർശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേസെടുക്കാനും സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി കൃത്യമായി അന്വേഷിക്കാനും പോലീസിന് കർശന നിർദേശം നൽകി.

​താരസംഘടനയായ ‘അമ്മ’യുടെ (AMMA) ഭാരവാഹിത്വത്തിൽ നിന്നുള്ള അൻസിബയുടെ രാജിക്കും തുടർന്നുണ്ടായ തർക്കങ്ങൾക്കും കാരണമായത് ഈ പരാതിയായിരുന്നു. കോടതി ഉത്തരവോടെ ഈ വിവാദത്തിൽ ടിനി ടോമിനെതിരെ പോലീസ് ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

See also  കൊല്ലത്ത് സഹകരണ ബാങ്ക് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button