പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രളയവും മഴയുമായി ബന്ധപ്പെട്ട മറ്റ് ദുരന്തങ്ങളും ശാസ്ത്രീയമായി നേരിടുന്നതിനായി സംസ്ഥാന സർക്കാർ ‘കേരള പ്രളയ പ്രതിരോധ പദ്ധതി’ നടപ്പാക്കും.
ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പ്രളയ പ്രതിരോധ സംവിധാനത്തിനായുള്ള സമഗ്ര റോഡ്‌മാപ്പ് അവതരിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതി തീവ്ര മഴ, നഗരങ്ങളിലെ വെള്ളപ്പൊക്കം, നദികളിലെ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ മുന്നൊരുക്കങ്ങൾ വേണമെന്ന് വിദഗ്ധർ നിർദേശിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ്, റിമോട്ട് സെൻസിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ്, കൃത്യമായ മഴ പ്രവചന സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും കൃത്യമായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നദികൾ, തടാകങ്ങൾ, കായലുകൾ എന്നിവിടങ്ങളിൽ നിന്ന് എക്കലും മണ്ണും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പരിസ്ഥിതിയിലും ജലത്തിന്‍റെ ഒഴുക്കിലും ഉണ്ടാക്കുന്ന പ്രത്യാഘാതം ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമേ സ്വീകരിക്കാവൂ എന്നും ഐഐടി സംഘം നിർദേശിച്ചു.
പദ്ധതിയുടെ സാങ്കേതിക സാധ്യത, സാമ്പത്തിക പ്രത്യാഘാതം, നടപ്പാക്കൽ രീതി എന്നിവ വിശദമായി പരിശോധിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി.
ഇരു വകുപ്പുകളും സംയുക്തമായി നിർദേശം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്തിന് മാതൃകയാകുന്ന സമഗ്ര പ്രളയ പ്രതിരോധ സംവിധാനം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, കൃഷി മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.



