Kerala

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്: ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ കടുത്ത ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനാണ് കേസിൽ ഒന്നാം പ്രതി. യുഡിഎഫിലെ വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെമ്പഴന്തി ഉദയനെ കൂടാതെ ബിജെപി കൗൺസിലർമാരായ ഗിരി, പാപ്പനംകോട് സജി, വയൽക്കര രതീഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

​കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിൽ പരിക്കേറ്റ കൗൺസിലർ ഷേർളിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ:

കാപ്പാ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിൽ മേയർ വി.വി. രാജേഷ് അജണ്ടകൾ വേഗത്തിൽ വായിച്ചുതീർത്ത് യോഗം അവസാനിപ്പിച്ചതാണ് രംഗം വഷളാക്കിയത്.

​തുടർന്ന് ഹാജർ രജിസ്റ്ററിലെ വിവരങ്ങൾ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ ഉയർത്തിക്കാട്ടുകയും, ഇത് പിടിച്ചെടുക്കാൻ ചെമ്പഴന്തി ഉദയൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കയ്യാങ്കളി ആരംഭിച്ചത്. ജയിലിലുള്ള സുഗതനെ സംരക്ഷിക്കാൻ ബിജെപി രജിസ്റ്റർ പിടിച്ചുവാങ്ങാൻ നോക്കിയെന്നും വനിതാ കൗൺസിലർമാരെ മർദിച്ചെന്നും യുഡിഎഫ് ആരോപിക്കുമ്പോൾ, പ്രതിപക്ഷം ഹാജർ ബുക്ക് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് മേയറുടെയും ബിജെപിയുടെയും വാദം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

See also  കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം : കടയുടമ അറസ്റ്റിൽ

Related Articles

Back to top button