മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന്, പദ്ധതി പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ സന്തോഷ് ജി. തമ്പി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിലെ എൻവയോൺമെന്റൽ സയന്റിസ്റ്റ് ജൂഡ് ഇമ്മാനുവൽ, തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ (NCESS) ഒരു പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ദുരന്തബാധിത പ്രദേശം നേരിട്ട് സന്ദർശിച്ച് മണ്ണ് മാറ്റുന്നതിനുള്ള അടിയന്തര കർമ്മപദ്ധതി രൂപീകരിക്കാനും, സർക്കാരിന് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തുന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മണ്ണ് മാറ്റുന്നതിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും ഈ സമിതിയായിരിക്കും. വിദഗ്ധ സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കാൻ വയനാട് ജില്ലാ കളക്ടറെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകടത്തെത്തുടർന്ന് കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.



