പ്രിയദർശിനിയിൽ യാത്രാത്തിരക്കേറുന്നു; ആറുമണിക്ക് മുൻപ് സർവീസ് അവസാനിപ്പിക്കുന്നത് വനിതാ യാത്രക്കാരെ ദുരിതത്തിലാക്കുന്നു

കൊല്ലം: ടെക്സ്റ്റൈൽസുകളും ഷോപ്പിംഗ് മാളുകളും അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി വീട്ടിലേക്ക് പോകാൻ പ്രിയദർശിനി ബസിനായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ. പ്രിയദർശിനി സർവീസായി മാറിയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറിന് മുമ്പേ സർവീസ് അവസാനിപ്പിക്കുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
കൊല്ലം ഡിപ്പോയിൽ ആകെ 42 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. ഇതിൽ 28 എണ്ണവും ആറുമണിക്ക് സർവീസ് അവസാനിപ്പിക്കുന്നവയാണ്. ബാക്കി 14 ഓർഡിനറി ബസുകൾ മാത്രമാണ് രാത്രി ഒൻപത് മണി കഴിഞ്ഞും സർവീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ആറുമണിക്ക് ശേഷം ജോലി കഴിഞ്ഞ് ഇറങ്ങുന്ന സ്ത്രീകൾക്ക് വീട്ടിലേക്ക് മടങ്ങാൻ സ്വകാര്യ ബസുകളിൽ കൂടുതൽ തുക നൽകി ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഓർഡിനറി സർവീസുകളിൽ ഭൂരിപക്ഷവും സിംഗിൾ ഡ്യൂട്ടിയും ഒന്നര ഡ്യൂട്ടിയുമായി ക്രമീകരിച്ചിരിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഒന്നര ഡ്യൂട്ടികളുടെ സർവീസ് സമയം നീട്ടിയാൽ മാത്രമേ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തുച്ഛ ശമ്പളക്കാരായ സ്ത്രീകൾക്ക് പ്രിയദർശിനി സർവീസ് കൊണ്ട് യഥാർത്ഥ പ്രയോജനം ലഭിക്കൂ.
തിരക്കിൽ ജീവനക്കാർ തളരുന്നു
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം വൻതോതിൽ ഉയർന്നു.
ബസുകളിലെ അമിത തിരക്ക് കാരണം കണ്ടക്ടർമാർക്ക് ഒന്നിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
രാവിലെയും വൈകിട്ടും പല ഓർഡിനറി ബസുകളിലും ഒരേസമയം നൂറിലേറെ യാത്രക്കാരാണ് കയറുന്നത്.
ഭൂരിഭാഗം ഓർഡിനറികളും സിംഗിൾ ഡ്യൂട്ടികളും ഒന്നര ഡ്യൂട്ടികളുമാണ്. അതിനാൽ ജീവനക്കാർക്ക് തൊട്ടടുത്ത ദിവസവും ഡ്യൂട്ടിക്ക് എത്തേണ്ടതുണ്ട്.
കൊല്ലം ഡിപ്പോയിൽ 39 ഓളം ജീവനക്കാർ ശാരീരികമായ അവശതകൾ കാരണം മെഡിക്കൽ ലീവിലായതിനാൽ നിലവിലുള്ള ജീവനക്കാർക്ക് കൃത്യമായി അവധി പോലും ലഭിക്കാത്ത സാഹചര്യമാണ്.



