Kerala

കര്‍ശന നിയമനടപടികളുമായി കെ എസ് ആര്‍ ടി സി

പത്തനംതിട്ട: കെ എസ് ആര്‍ ടി സി യുടെ പ്രിയദര്‍ശിനി സര്‍വീസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കും സര്‍വീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്ന് കെ എസ് ആര്‍ ടി സി. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

2026 ജൂലൈ 23-ന് കൊട്ടാരക്കര ഡിപ്പോയിലെ RPA 44 (FP) ബസ് എറണാകുളത്ത് നിന്ന് രാവിലെ 11ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് നടത്തുന്നതിനിടെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി കെ എസ് ആര്‍ ടി സി ജീവനക്കാരോട് തട്ടിക്കയറി. അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാര്‍ട്ടര്‍ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ വൈക്കം പോലീസ് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റി. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ PDPP ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

ഇതിന് പിന്നാലെ, 2026 ജൂലൈ 24-ന് കെ എസ് ആര്‍ ടി സി കൊല്ലം യൂണിറ്റിന്റെ കൊല്ലം-പത്തനംതിട്ട (LS Ordinary) ബസ് ഭരണിക്കാവില്‍ രാവിലെ ഒമ്പതോടെ സര്‍വീസ് നടത്തുന്നതിനിടെ KL 61 E 7850 നമ്പര്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ യാതൊരു പ്രകോപനവും കൂടാതെ ഡ്രൈവര്‍ എസ് രാജീവിനെ മര്‍ദിച്ചു. പരുക്കേറ്റ രാജീവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചുവരികയാണ്. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ഉറപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പൊതുഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിലവിലുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പ്രയോഗിക്കും. ആക്രമണവും കൈയേറ്റവും മറ്റും ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. പൊതുജനങ്ങളും യാത്രക്കാരും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്നും സി എം ഡി നിര്‍ദേശിച്ചു.

See also  തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരുക്കേറ്റ യുവാവ് മരിച്ചു

Related Articles

Back to top button