Kerala

റാന്നിയെ വിഴുങ്ങി പെരുമഴ; ടൗൺ ഒറ്റപ്പെട്ടു: രക്ഷാപ്രവർത്തനം തുടരുന്നു

ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിലെ റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായെങ്കിലും ഏറ്റവും രൂക്ഷമായ ദുരിതം നേരിടുന്നത് റാന്നിയിലാണ്.

മണിക്കൂറുകൾക്കുള്ളിൽ മലവെള്ളം കുത്തിയൊഴുകിയെത്തി വീടുകളും വ്യാപാര സ്ഥാപനങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. താഴത്തെ നിലകൾ മുങ്ങിയതോടെ നിരവധി കുടുംബങ്ങൾ വീടുകളുടെ രണ്ടാം നിലകളിൽ അഭയം തേടി.

ദുരന്തനിവാരണ സേനയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. അടവിയിൽ നിന്ന് കുട്ടവഞ്ചികളും മറ്റ് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ഡിങ്കി ബോട്ടുകളും റാന്നിയിലെത്തിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി വിതരണം പൂർണമായും വിച്ഛേദിച്ചതോടെ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി. ഇത് രക്ഷാപ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു.

പമ്പയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്ത് ആശങ്ക തുടരുകയാണ്. മഴയുടെ തീവ്രത കുറയുകയും ജലനിരപ്പ് താഴുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ദുരിതബാധിതരും രക്ഷാസേനയും.

See also  സംസ്ഥാനത്ത് മദ്യ നിർമാണം വർധിപ്പിക്കും; വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം: മന്ത്രി എംബി രാജേഷ്

Related Articles

Back to top button