മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണോ; വി ഡി സതീശൻ വിരുന്നിൽ പങ്കെടുത്തത് ന്യായീകരണവുമായി കെ പി നൗഷാദ് അലി

മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശന്‍ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പൊന്നാനി എംഎല്‍എ കെ പി നൗഷാദ് അലി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പാടില്ലെന്നോ ഉച്ച ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നോ ഇല്ലല്ലോയെന്ന് കെ പി നൗഷാദ് അലി ചോദിച്ചു. അതിന്റെ ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിപ്പിക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സി ഹരിദാസിനെ കാണാനാണ് മുഖ്യമന്ത്രി എത്തിയത്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടില്‍ ഉച്ച ഭക്ഷണംവെച്ചു. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണ്. ഇത് രാഷ്ട്രീയമാണ്. വിഷയം വഴി തിരിച്ച് വിടുകയാണ്’, കെ പി നൗഷാദ് അലി പറഞ്ഞു.
പതിറ്റാണ്ടുകളായി പൊന്നാനിയില്‍ സിപിഐഎം എംഎല്‍എ ആയിരുന്നു ഭരണത്തിലെന്നും കഴിഞ്ഞ 10 വര്‍ഷം സംസ്ഥാനം ഭരിച്ചത് അവരാണെന്നും നൗഷാദ് അലി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം പറഞ്ഞാല്‍ തിരിച്ചും രാഷ്ട്രീയം പറയുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ കടല്‍ക്ഷോഭം തുടര്‍ക്കഥയാണെന്നും എല്ലാ വര്‍ഷവും 50ഓളം മീറ്റര്‍ തീരം കടല്‍ എടുക്കുന്നുവെന്നും നൗഷാദ് അലി പറഞ്ഞു.
കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെ പത്തര കിലോമീറ്റര്‍ ആണ് പൊന്നാനി മണ്ഡലത്തിലെ തീരദേശം. ഒരു കിലോമീറ്ററില്‍ താഴേ മാത്രമാണ് ഇപ്പോള്‍ കടല്‍ഭിത്തി ഉള്ളത്. ബജറ്റില്‍ മൂന്ന് കോടി വകയിരുത്തുകയും ബാക്കി തുക നബാര്‍ഡില്‍ നിന്ന് ഉള്‍പ്പെടെ കടം എടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തി നടന്നു വരുന്നു. അതിന് രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷം എടുക്കും’, എംഎല്‍എ പറഞ്ഞു.
പക്ഷെ അത് വരെ കാത്തിരിക്കാന്‍ സാധിക്കില്ലെന്നും പെട്ടെന്നുള്ള പരിഹാരം ആണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനികളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് തേടുന്നുണ്ട്. കടല്‍ ക്ഷോഭം രൂക്ഷമായ സ്ഥലത്ത് ഒരു മാസത്തിനകത്ത് കടല്‍ ഭിത്തി നിര്‍മിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. പ്രശ്‌ന ബാധിതരെ വാടക വീട്ടില്‍ ആക്കാന്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നും നൗഷാദ് അലി പറഞ്ഞു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുത്തത് വലിയ വിവാദത്തിലായിരിക്കുകയാണ്. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘മധ്യ കേരളം പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയില്‍ എത്തി യുഡിഎഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കന്‍ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി’ എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്. ‘നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ മൂപ്പര് ഇങ്ങനെ വിരുന്നു പോവുകയാണോ?’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.



