Kerala

കോച്ചിംഗ് സെന്ററുകളുടെ ഇടപെടലെന്ന് മൊഴി; അന്വേഷണം വ്യാപിപ്പിച്ച് എസ്.ഐ.ടി

പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ കോച്ചിംഗ് സെന്ററുകളുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകി. കോച്ചിംഗ് സെന്ററുകളിലെ മാതൃകാ ചോദ്യപേപ്പറുകൾ അതേപടി പരീക്ഷയിൽ ആവർത്തിച്ചെന്ന ഗുരുതര ആരോപണവും അന്വേഷണസംഘത്തിന് മുന്നിലുണ്ട്.

ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ പരാതി ഉയർന്ന കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. വിവാദമായ പി.എസ്.സി പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിൽ ഒരേ കോച്ചിംഗ് സെന്ററിൽ പരിശീലനം നേടിയ ഉദ്യോഗാർഥികൾ അസാധാരണമായി കൂടുതൽ ഇടം നേടിയിട്ടുണ്ടോയെന്നും പരിശോധിക്കും.

അതേസമയം, പ്ലാനിംഗ് ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഇതിന് ശേഷമാകും പി.എസ്.സി ചെയർമാൻ എം. ആർ. ബൈജു ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക. കേസിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രതികളാകുമെന്നാണ് അന്വേഷണ സൂചന. ഇവരെയും ഉടൻ ചോദ്യം ചെയ്യും.

പ്ലാനിംഗ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരുണിനെ ഈ ആഴ്ച ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും കേസിൽ ചുമത്തിയിട്ടുണ്ട്.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ നൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ലഭിച്ച എല്ലാ പരാതികളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു.

See also  അന്വേഷണ സംഘത്തിന് കത്ത് നൽകി

Related Articles

Back to top button