Kerala

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം: കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിനും അന്വേഷണ സംഘത്തിനും കർശന നിർദേശം നൽകിയത്.

​ഫോറൻസിക് പരിശോധനാ ഫലം വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം വരുത്തുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണ നടപടികൾ നീണ്ടുപോകരുതെന്നും പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ കക്ഷിയാകണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം കോടതി തള്ളി.

​കഴിഞ്ഞ മെയ് മാസത്തിലാണ് രണ്ടാനച്ഛനായ അഷ്കറിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് ഒന്നര വയസുകാരനായ അർഷിദ് കൊല്ലപ്പെടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളും ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലും ഉള്ളതായി കണ്ടെത്തിയിരുന്നു. പീഡന വിവരം നേരത്തെ അറിഞ്ഞിട്ടും കൃത്യമായ നടപടിയെടുക്കുന്നതിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

See also  ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button