Kerala

വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി; പ്രധാന കണ്ണി ഒളിവിൽ

അധ്യാപകർ ഉൾപ്പെടെ പ്രതികളായ വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി. ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന വയനാട് സ്വദേശി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനാകാത്തതോടെ ലഹരി ഇടപാടിന്റെ പണമൊഴുക്കിലേക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്.

കേസിൽ അറസ്റ്റിലായ പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പണം ഒടുവിൽ എത്തിയിരുന്നത് വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജിൻ കൂര്യാക്കോസ് എന്നിവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രം ഏകദേശം 15 ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തൽ. ജിജിൻ കൂര്യാക്കോസിന്റെ അക്കൗണ്ട് വഴി നടന്നത് ഒരു കോടി രൂപയുടെ ഇടപാടും. പണമൊഴുക്ക് പരിശോധിച്ചപ്പോഴാണ് തുക ഒടുവിൽ വയനാട് സ്വദേശിയിലേക്ക് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയത്.പ്രതികളുടെ വാട്സാപ്പ് ചാറ്റുകളിൽനിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കേസിൽ തെളിവുകളായിട്ടുണ്ട്.

എന്നാൽ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കണ്ടെത്താനാകാത്തതാണ് അന്വേഷണത്തിന് തിരിച്ചടിയായത്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാകൂ.എവിടെ നിന്നാണ് എംഡിഎംഎ എത്തിയത്? ആർക്കൊക്കെയാണ് വിതരണം ചെയ്തത്? പണമൊഴുക്ക് എവിടേക്കാണ് നീണ്ടത്? തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് ഇയാളുടെ മൊഴി നിർണായകമാകും.

അതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും അന്വേഷണത്തിന് തിരിച്ചടിയായി. പ്രധാന പ്രതിയെ കണ്ടെത്താനാകാതെ തുടരുന്നതിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥനും മാറിയതോടെ കേസിന്റെ തുടർനടപടികൾ മന്ദഗതിയിലായെന്നാണ് വിവരം.

See also  കടകംപള്ളിക്കൊപ്പം രാജു എബ്രഹാമും പോറ്റിയുടെ വീട്ടിലെത്തി; പോറ്റിയുടെ അച്ഛന് സമ്മാനവും നൽകി

Related Articles

Back to top button