കേരളം എന്ന് പേര് മാറ്റുന്നതിനായി പാഴ് ചിലവ് വേണ്ട; സർക്കുലർ പുറത്തിറക്കി ചീഫ് സെക്രട്ടറി

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്ത സാഹചര്യത്തിൽ ഇതിനായി തുക അനാവശ്യമായി ചെലവഴിക്കേണ്ടതില്ലെന്ന് സർക്കാരിന്റെ തീരുമാനം. പേര് മാറ്റത്തിന്റെ ഭാഗമായി ഓഫീസുകളിലെ നെയിം ബോർഡുകളും ഫലകങ്ങളും ഉടനടി മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും നിലവിലുള്ള കടലാസുകളോ ഫയലുകളോ നശിപ്പിച്ചു കളയരുതെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ പുറപ്പെടുവിച്ചു
നിലവിൽ ‘കേരള’ എന്ന് അച്ചടിച്ചിട്ടുള്ള ലെറ്റർഹെഡുകൾ, എൻവലപ്പുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവ പൂർണ്ണമായും ഉപയോഗിച്ച് തീരുന്നതുവരെ മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി തുടർന്നും ഉപയോഗിക്കണം. പേര് മാറ്റിയതിന്റെ പേരിൽ മാത്രം നിലവിലുള്ള സ്റ്റോക്കുകൾ ഉപേക്ഷിക്കാനോ പുതിയവ അച്ചടിക്കാനോ പാടില്ല.
സാങ്കേതികമായി സൗകര്യമുള്ളയിടങ്ങളിൽ ഇംഗ്ലീഷിലെ “Kerala” എന്നതിനൊപ്പം “m” എന്ന അക്ഷരം കൂട്ടിച്ചേർത്ത് “Keralam” എന്നാക്കാവുന്നതാണ്. അതുപോലെ മലയാളത്തിൽ “കേരള” എന്നുള്ളത് അനുസ്വാരം (0) ചേർത്ത് “കേരളം” എന്നും തിരുത്താം. സൈൻബോർഡുകൾ അടക്കമുള്ളവയിൽ ഇത്തരം തിരുത്തലുകൾ അവയുടെ പതിവ് അറ്റകുറ്റപ്പണികളോ പെയിന്റിംഗോ മാറ്റിസ്ഥാപിക്കലോ നടക്കുമ്പോൾ മാത്രം ക്രമാനുസൃതമായി ചെയ്താൽ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിൽ പറയുന്നു.
പേരുമാറ്റം കാരണം മാത്രം ഫർണിച്ചറുകൾ, വാഹനങ്ങൾ, ഉപകരണങ്ങൾ, സ്റ്റേഷനറികൾ, സൈൻബോർഡുകൾ, സീലുകൾ, ഔദ്യോഗിക ബോർഡുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ സർക്കാർ സ്വത്തുക്കൾ അവയുടെ കാലാവധി തികയുന്നതിന് മുൻപ് മാറ്റിസ്ഥാപിക്കാൻ പണം ചെലവിടരുത്. എന്നാൽ ഭരണപരമോ പ്രവർത്തനപരമോ ആയ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട അധികാരിയുടെ പ്രത്യേക അനുമതിയോടെ മാത്രം മാറ്റങ്ങൾ വരുത്താം.
സാധാരണയായി ഉണ്ടാകുന്ന തേയ്മാനം, കേടുപാടുകൾ, ഉപയോഗകാലാവധി കഴിയൽ തുടങ്ങിയ കാരണങ്ങളാൽ സാമഗ്രികൾ മാറ്റിസ്ഥാപിക്കേണ്ടി വരുമ്പോൾ സാധാരണ നടപടിക്രമങ്ങൾ പാലിച്ച് “Keralam”/”കേരളം” എന്ന പുതിയ പേര് നൽകാവുന്നതാണ്. ഒപ്പം, ഇനി മുതൽ നടത്തുന്ന പുതിയ അച്ചടി ജോലികളിലും സ്റ്റേഷനറികൾ, ഫോമുകൾ, സൈൻബോർഡുകൾ, നെയിം ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ എന്നിവയുടെ പുതിയ വാങ്ങലുകളിലും നിർമ്മാണത്തിലും പുതുക്കിയ സംസ്ഥാനനാമം നിർബന്ധമായും ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.



