Kerala

ആര്‍. ശ്രീലേഖ കോണ്‍ഗ്രസിലേക്ക്; നേതൃത്വവുമായി ചര്‍ച്ച നടന്നതായി സൂചന

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച മുൻ ഡിജിപി ആർ.ശ്രീലേഖ കോൺഗ്രസിൽ ചേരുമെന്ന് സൂചന. ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്ന ശ്രീലേഖ, കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്നും ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നുമുള്ള അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്.

സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ സജീവമായ ശ്രീലേഖയെ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് തുടക്കത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പാർട്ടിയിൽ മുതിർന്ന നേതാവായ വി.വി രാജേഷിനെ മേയർ പദവിയിലേക്ക് നിശ്ചയിച്ചതോടെയാണ് പാർട്ടി നേതൃത്വവും ശ്രീലേഖയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.

കൗൺസിലർ സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള കത്ത് മേയർക്ക് സമർപ്പിക്കുകയും, പാർട്ടി നേതൃത്വത്തെ അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തതായാണ് സൂചന. 101 അംഗങ്ങളുള്ള തിരുവനന്തപുരം നഗരസഭയിൽ ശ്രീലേഖയുടെ രാജി ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്ക് വലിയ രാഷ്ട്രീയ പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിൽ ഭരണം മുന്നോട്ട് കൊണ്ടുപോകുന്ന എൻഡിഎയ്ക്ക് ഒരു കൗൺസിലറുടെ കുറവ് ഭൂരിപക്ഷത്തിൽ വലിയ വെല്ലുവിളിയാകും.

രാജിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും വ്യക്തിപരമായ അസൗകര്യങ്ങൾ മൂലമാണ് അവർ കൗൺസിലർ പദവി ഒഴിഞ്ഞതെന്നുമാണ് തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വിശദീകരണം. കൗൺസിലർ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ബിജെപിയുടെ പ്രാഥമികാംഗത്വം അവർ ഔദ്യോഗികമായി രാജിവെച്ചോ എന്ന കാര്യത്തിൽ ഇതുവരെ പാർട്ടി നേതൃത്വമോ ശ്രീലേഖയോ വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. നിയമപ്രകാരം രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കാണ്. മേയർക്ക് കത്ത് നൽകിയാൽ അത് ഔദ്യോഗികമാവില്ല. കലക്ടർക്ക് രാജിക്കത്ത് നൽകിയാലും അത് ഔദ്യോഗികമായി രാജിയായി അംഗീകരിക്കപ്പെടില്ലെന്ന് സെക്രട്ടറി മുഹമ്മദ് ഷാഫി വ്യക്തമാക്കി.

See also  ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Related Articles

Back to top button