Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനം പാളി; കാലവസ്ഥയെ പഴിച്ച് മന്ത്രിയും അധികൃതരും

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനം പാളിയതില്‍ മഴയെ പഴിച്ച് മന്ത്രിയും അധികൃതരും. മേളയുടെ സംഘാടനം എല്ലാകാലത്തും ഇങ്ങനെയാണെന്നും മഴ ഉണ്ടായാതാണ് ഇത്തവണത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും മന്ത്രി എന്‍ ഷംസുദ്ധീന്‍ പ്രതികരിച്ചു.

റൂഫിംഗ് തകര്‍ന്നുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മഴയെയാണ് പഴിക്കുന്നത്. സംഘാടനത്തിലെ വീഴ്ച്ച മറച്ച് കാലാവസ്ഥയെ പഴിക്കുന്ന വിചിത്ര റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ഉയര്‍ന്നു. വെയിലിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താല്‍ക്കാലിക റൂഫിംഗ് ഒരുക്കിയിരുന്നതെന്നും കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരങ്ങള്‍ക്കിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറി. ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ റൂഫിംഗ് തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലെ ന്യായീകരണം.

അപകടത്തില്‍ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. നിയമ തടസ്സങ്ങളുണ്ടെന്നാണ് പോലീസിന്റെ ന്യായീകരണം. പരാതിക്കാര്‍ ഇല്ലെന്ന ന്യായം ഉയര്‍ത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തല്‍ക്കുളത്തിന്റെ താല്‍ക്കാലിക മേല്‍ക്കൂര തകര്‍ന്നുവീണ് പത്തോളം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് പരിക്കേറ്റത്. നാല് കുട്ടികള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താല്‍ക്കാലിക ഷീറ്റുകള്‍ പറന്നുപോവുകയും തകര്‍ന്നു വീഴുകയുമായിരുന്നു.

See also  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് പഴയ റാങ്കുകാരി ഡോ. ഷർമിള മേരി ജോസഫ്

Related Articles

Back to top button