Kerala

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹൈക്കമാന്‍ഡ്; മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കാനാണ് നീക്കം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹൈക്കമാഡ്. മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കാനാണ് നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് അര ഡസനിലേറെ നേതാക്കള്‍ പരിഗണനയിലുണ്ട്. വനിതാ അധ്യക്ഷ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍, എം എം ഹസ്സന്‍ തുടങ്ങിയവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടിയും നേതാക്കളുടെ ആവശ്യം ശക്തമാണ്. മാത്യു കുഴല്‍നാടനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തുമ്പോള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് ഷാഫി പറമ്പിലും രംഗത്തുണ്ട്. ഉടന്‍ പുനഃസംഘടന നടത്തണമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഡല്‍ഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി പുനഃസംഘടന നീണ്ടു പോയതെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പ്രതികരിച്ചത്. പുനഃസംഘടന എത്രയും വേഗം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്. ഗ്യാനേഷ് കുമാറിനെതിരായ വിഷയത്തില്‍ അയവ് വരുമ്പോള്‍ പുനഃസംഘടന നടക്കുമെന്നും എം എം ഹസ്സന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.  സര്‍ക്കാര്‍ വന്നിട്ട് അഞ്ചുമാസമായി. പാര്‍ട്ടി അനിശ്ചിതാവസ്ഥയിലാണ്. പുതിയ അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് യഥാസമയം പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാജിവെക്കാന്‍ തയ്യാറാണെന്ന് സണ്ണി ജോസഫ് അറിയിച്ചതാണ്. ഹൈക്കമാന്‍ഡ് ആണ് നടപടി സ്വീകരിക്കേണ്ടത്. സംഘടനാ ചുമതലയുള്ള ആള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമായി അറിയാം. അദ്ദേഹമാണ് നടപടിയെടുക്കേണ്ടത്. ദളിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് പരാതിയില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ സംതൃപ്തനാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഹൈക്കമാന്‍ഡിനെ നേരത്തെ തന്നെ അഭിപ്രായം അറിയിച്ചിരുന്നു. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന നിലപാടായിരുന്നു നേതാക്കള്‍ സ്വീകരിച്ചിരുന്നത്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിരുന്നു. സര്‍ക്കാരുമായി സഹകരിക്കുന്ന നേതാവിനെ പരിഗണിക്കണമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ കെപിസിസി അധ്യക്ഷ പദവി വഹിക്കുന്ന സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിനെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുനഃസംഘടന അനിശ്ചിതമായി നീളുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

See also  ഇനി ഒരുതരം പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കരുത്; സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

Related Articles

Back to top button