ഉദ്യോഗസ്ഥർ സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം; എക്സൈസ് മന്ത്രി എം. ലിജുവിന് പൂർണ്ണ പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എക്സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ എന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തുടക്കം മുതല്‍ എക്സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് സാംബശിവറാവു. മദ്യനയം വരുന്നതിന് മുമ്പ് ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തെങ്കില്‍ ഗുരുതരമായ തെറ്റ് ആണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
സര്‍ക്കാറിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ എതിരായി പ്രവര്‍ത്തിച്ചെങ്കില്‍ നടപടിയെടുക്കുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു സീറാം സാംബശിവ റാവുവിനെ മാറ്റിയത്. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ക്ക് പകരം ചുമതല നല്കി. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ എക്സൈസ് മന്ത്രി എം ലിജു പരസ്യ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു നടപടി. പുതിയ എക്സൈസ് കമ്മീഷണറെ ഉടന്‍ നിയമിക്കും. ഡോ. എസ് കാര്ത്തികേയന് ആണ് പ്രഥമ പരിഗണന. സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെ എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെതിരെ മന്ത്രി എം ലിജു വിമര്‍ശനം ഉന്നയിച്ചിരുന്നു. എക്സൈസ് കമ്മീഷറുടെ നടപടികള്‍ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ബാറുകള്‍ക്ക് അനുമതി നല്കുന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ ഇടപെടലുണ്ടാകുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സാംബശിവ റാവുവിന്റെ വിശദീകരണം.



