Kerala

ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും കടന്നാക്രമിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. ഭരണത്തില്‍ ഇരിക്കുന്നവര്‍ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്നും സമരസമതി സെക്രട്ടറി എസ് വളര്‍മതി തുറന്നടിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ തന്റെ ആരോഗ്യത്തെ കുറിച്ച് പറയുന്നത്. മുഖ്യമന്ത്രി തുടരുന്നത് ‘ഏമാന്‍’ നയമെന്നും വളര്‍മതി പറഞ്ഞു. വൈകാരികമായായിരുന്നു വളര്‍മതിയുടെ പ്രതികരണം.

തന്റെ ആരോഗ്യം തന്നെ നശിക്കാനുള്ള ഉത്തരവാദികളായി സര്‍ക്കാര്‍ മാറിയെന്ന് വളര്‍മതി പറഞ്ഞു. മരണത്തിലേക്ക് തള്ളിവിടുന്നതിന് സമമല്ലെ നിങ്ങള്‍ ഈ ചെയ്യുന്നത്. സാധാരണക്കാരന് നീതി നിഷേധിക്കുന്ന ഈ ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്ക് പുച്ഛം മാത്രമേ ഉണ്ടാവുകയുള്ളു. ഇനി മരണത്തിലേക്ക് തള്ളിവിട്ടാലും ഇതില്‍ നിന്ന് ഒരടി ഞാന്‍ പിന്നോട്ട് പോകില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അവര്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തണമെന്ന് പറയും. എന്നിട്ട് വീണ്ടും നിരാഹാരത്തിലേക്ക് തള്ളിവിടും. നിങ്ങള്‍ തബ്രാന്‍മാരുമല്ല, ഞങ്ങള്‍ അടിമകളുമല്ല. എന്റെ ജീവന് ഉത്തരവാദി ഇവിടുത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമാണ്. എന്റെ ജീവന്‍ പോവുകയാണെങ്കില്‍ ഇവിടെ നിന്ന് പൊയ്‌ക്കോട്ടെ. ജീവന് വിലയില്ലാത്ത സര്‍ക്കാരാണെന്ന് ജനങ്ങള്‍ അറിയട്ടെ – വളര്‍മതി.

എല്‍പി സ്‌കൂള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന സമരം ഇന്ന് 141 ദിവസങ്ങള്‍ പിന്നിടുകയാണ്. സമരസമിതി കണ്‍വീനര്‍ വളര്‍മതിയുടെ നിരാഹാരം 28 ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാരില്‍ തീരുമാനത്തില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്. പിന്നാലെയാണ് ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കുന്നത്.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുക എന്നതാണ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. എന്നാല്‍, അധിക സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാന്‍ മടിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ചയായെങ്കിലും ധനവകുപ്പ് എതിര്‍ക്കുകയായിരുന്നു. ബുധനാഴ്ചയോടുകൂടി പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായാണ് നിലവില്‍ സമരസമിതി പറയുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും

Related Articles

Back to top button