Kerala

പത്മജയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കരുണാകരൻ ആഗ്രഹിച്ചു; സോണിയ ഗാന്ധി പേര് വെട്ടി: കെ വി തോമസ്

കെ കരുണാകരന്‍ – സോണിയാ ഗാന്ധി അകല്‍ച്ചയുടെ കാരണം തുറന്ന് പറഞ്ഞ് കെ വി തോമസ്. ‘കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലാണ് കെ വി തോമസ് ഇക്കാര്യം പരാമർശിക്കുന്നത്. 2001-ലെ തെരഞ്ഞെടുപ്പില്‍ പത്മജയെ മത്സരിപ്പിക്കാന്‍ കരുണാകരന്‍ ആഗ്രഹിച്ചു. എന്നാല്‍ സോണിയ ഗാന്ധി അതിന് താല്‍പര്യമെടുത്തില്ല. സോണിയ പേര് വെട്ടിയതോടെ ചര്‍ച്ചകളില്‍ നിന്ന് കരുണാകരന്‍ ഇറങ്ങിപ്പോയെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.

പത്മജയുടെ കാര്യം സോണിയ ഗാന്ധിയോട് സംസാരിച്ചപ്പോള്‍ അവര്‍ കയര്‍ത്തു. പുറം വാതിലിലൂടെ നീക്കം നടത്തുന്നത് എന്തിനെന്ന് ചോദിച്ചുവെന്നും ഇതോടെയാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മിലുള്ള അകലം വലുതായതെന്നും കെ വി തോമസ് കുറിച്ചു.

‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പത്മജയുടെ പേര് ഇല്ലാത്തതുകൊണ്ടു തന്നെ പല പ്രാവശ്യം ചര്‍ച്ചയില്‍ നിന്ന് ലീഡര്‍ ഇറങ്ങിപ്പോയി. ചര്‍ച്ച വഴിമുട്ടിയപ്പോള്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായിരുന്ന ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ എന്നോട് പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. പത്മജയുടെ കാര്യം ഞാന്‍ സോണിയാജിയോട് സംസാരിച്ചപ്പോള്‍, അവര്‍ എന്നോട് കയര്‍ത്തു.

‘തോമസിന്റെ സാന്നിധ്യത്തില്‍ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ കുടുംബിനിയാണെന്നല്ലേ അന്ന് കരുണാകരന്‍ പറഞ്ഞത്. പിന്നെന്തിനാണ് ഇപ്പോള്‍ പുറംവാതിലിലൂടെ നീക്കം നടത്തുന്നത്. ഇക്കാര്യത്തിലാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മില്‍ വലുതായി അകലുന്നത്’, കെ വി തോമസ് തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നു.

See also  ആളില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി ഗണേഷ് കുമാർ: നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Related Articles

Back to top button