Local

മോഷ്ടാവെന്നാരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം: സി.ഡബ്ല്യു.സി ഇടപെടലിൽ കൊടുവള്ളി പോലീസ് കേസെടുത്തു

എളേറ്റിൽ: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ രണ്ടുദിവസം പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി.) നിർദേശപ്രകാരം കുട്ടിയുടെ പിതൃസഹോദരൻ, ഭാര്യ, മകൻ എന്നിവർക്കെതിരെ കൊടുവള്ളി പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ സ്വന്തം വീട്ടിൽനിന്ന് പിതൃസഹോദരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് മുറിയിൽ അടച്ചിട്ട് കൈകാലുകൾ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിൽ മുളകുപൊടി കലക്കി ഒഴിക്കുകയും ദേഹമാസകലം പച്ചമുളക് അരച്ചു തേക്കുകയും ചെയ്തു. കൂടാതെ കൈനഖങ്ങളിൽ ടൂത്ത് പിക്കും കാൽനഖങ്ങളിൽ ഈർക്കിലും കുത്തിക്കയറ്റി പരിക്കേൽപ്പിച്ചു.
രണ്ടുദിവസത്തെ പീഡനത്തിനൊടുവിൽ, രാത്രി പതിനൊന്നുമണിയോടെ കൈകാലുകളിലെ കെട്ടിന്റെ മുറുക്കം അയഞ്ഞപ്പോൾ കുട്ടി സാഹസികമായി രക്ഷപ്പെടുകയായിരുന്നു. ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരനാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചത്. മോഷണം പോയെന്ന് ആരോപിച്ച വാച്ച് പിന്നീട് ഇവരുടെ വീട്ടിൽനിന്നുതന്നെ കണ്ടെത്തി.
സംഭവം കോഴിക്കോട് യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സി.ഡബ്ല്യു.സി ചെയർപേഴ്സൺ റൂറൽ എസ്.പിക്ക് അടിയന്തര നടപടിക്ക് നിർദേശം നൽകുകയായിരുന്നു. കുട്ടിയെ അന്യായമായി തടങ്കലിൽ വെക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, ബാലനീതി നിയമലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. സമീപത്തുതന്നെയാണ് മറ്റ് ബന്ധുക്കളുടെ വീടുകളുമുള്ളത് എന്നതിനാൽ കുട്ടി അവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ കൗൺസലിങ് നൽകിയശേഷം കുട്ടിയെ സി.ഡബ്ല്യു.സി.യുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

See also  അരീക്കോട് താലൂക്ക് ആശുപത്രിയിൽ ലാബ് ഉപകരണങ്ങൾ പ്രവർത്തനം നിലച്ചിട്ട് നാളുകളായി; മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകാനൊരുങ്ങി നാട്ടുകാർ

Related Articles

Back to top button